ടെൽ അവീവ് : ഇറാന് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് ഏഴ് ഇസ്രയേലി പൗരന്മാരെ ഇസ്രയേൽ അധികൃതർ അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി ഇറാന് വേണ്ടി നൂറു കണക്കിന് രഹസ്യ വിവരങ്ങൾ ഇവർ ചോർത്തി നൽകിയെന്നാണ് ഇസ്രയേലി പ്രോസിക്യൂഷൻ ആരോപിക്കുന്നത്. കഴിഞ്ഞ മാസം തന്നെ ഇവരെ പിടികൂടിയിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് കുറ്റം ചുമത്തിയത്. ഇതുവരെ അന്വേഷിച്ചതിൽ വെച്ച് ഏറ്റവും ഗുരുതരമായ കേസുകളിലൊന്നാണ് ഇപ്പോൾ കണ്ടെത്തിയതെന്നാണ് ഇസ്രയേൽ പോലീസിലെ ഗുരുതര കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗമായ ലഹാവ് 433 യൂണിറ്റ് ചീഫ് സൂപ്രണ്ട് വിശദീകരിച്ചത്.
യുദ്ധസമയത്ത് ശത്രുവിനെ സഹായിച്ചെന്ന ഗുരുതരമായ കുറ്റമാണ് പിടിയിലായ ഇസ്രയേലി പൗരന്മാർക്കെതിരെ ചുമത്തിയിരിക്കുന്നത്. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റമാണിത്. പിടിയിലായ ഏഴ് പേരും ജൂത വംശജരാണെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൈഫയിലും മറ്റ് വടക്കൻ പ്രദേശങ്ങളിലും താമസിച്ചിരുന്നവരാണ് എല്ലാവരും. ഒരാൾ നേരത്തെ ഇസ്രയേലി സൈന്യത്തിലും ജോലി ചെയ്തിട്ടുണ്ടത്രെ. പ്രായപൂർത്തിയാവാത്ത രണ്ട് പേരും പിടിയിലായ സംഘത്തിൽ ഉൾപ്പെടുന്നു. രണ്ട് വർഷത്തിനിടെ 600ൽ അധികം ചാരപ്രവർത്തനങ്ങൾ ഇവർ നടത്തിയതായാണ് ഇസ്രയേലി അധികൃതർ ആരോപിക്കുന്നത്.