കൊച്ചി : കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികൾ. ബാങ്കിന്റെ 700 കോടി രൂപയോളം തട്ടിയ സംഭവത്തിൽ 1425 മലയാളികളാണ് പ്രതിസ്ഥാനത്തുള്ളത്. ഇവരിൽ 700 ഓളം പേർ നഴ്സുമാരാണ്. വായ്പയെടുത്തവർ കേരളത്തിലേക്കും അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും കടന്നുവെന്നാണ് കുവൈത്ത് ബാങ്ക് അധികൃതർ സംസ്ഥാന പോലീസിനെ അറിയിച്ചത്. സംഭവത്തിൽ എറണാകുളം, കോട്ടയം ജില്ലകളിലായി 10 കേസുകൾ രജിസ്റ്റർ ചെയ്തു. കേസന്വേഷണം ക്രൈം ബ്രാഞ്ചിന് നൽകി. ദക്ഷിണ മേഖലാ ഐജി അന്വേഷണത്തിൻ്റെ മേൽനോട്ടം വഹിക്കും. 2020-22 കാലത്താണ് ബാങ്കിൽ തട്ടിപ്പ് നടന്നത്. കുവൈത്തിലെ സർക്കാർ ഉദ്യോഗസ്ഥരായ മലയാളികളും മിനിസ്ട്രി ഓഫ് ഹെൽത്തിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന എഴുനൂറോളം പേരുമാണ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയത്.
ആദ്യം ബാങ്കിൽ നിന്ന് ചെറിയ തുക വായ്പയെടുത്ത് ഇത് കൃത്യമായി തിരിച്ചടച്ച് ക്രഡിറ്റ് സ്കോർ ഉയർത്തിയ ശേഷം പ്രതികൾ വലിയ തുക വായ്പയെടുത്ത് ഇവിടെ നിന്നും മുങ്ങുകയായിരുന്നു. വായ്പാതിരിച്ചടവ് മുടങ്ങിയതോടെയാണ് കുവൈത്ത് ബാങ്ക് അധികൃതർ അന്വേഷണം തുടങ്ങിയത്. തട്ടിപ്പ് നടത്തിയവരിൽ കൂടുതലും കേരളത്തിലെത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് കേരളത്തിലെത്തി പോലീസിലെ ഉന്നതരെ കണ്ടത്. ആദ്യം ഡിജിപിയെയും പിന്നീട് എഡിജിപിയെയും ബാങ്ക് അധികൃതർ കണ്ടു.
നവംബർ അഞ്ചിന് എഡിജിപി മനോജ് എബ്രഹാമിന് രേഖാമൂലം പരാതി നൽകി. പ്രതികളുടെ വിലാസമടക്കമാണ് പരാതി നൽകിയത്. ഇത് പ്രകാരം അന്വേഷണം നടത്തിയാണ് 10 പേർക്കെതിരെ കേസെടുത്തത്.