മലപ്പുറം : തവനൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇയ്യാത്തൂട്ടി(70) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് ഭക്ഷണം നല്‍കാന്‍ എത്തിയ അടുത്തുള്ള യുവാവാണ് സംഭവം പോലീസിനെ അറിയിച്ചത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. സ്വര്‍ണാഭരണ മോഷണം ലക്ഷ്യമിട്ടുള്ളതാണ് കൊലപാതകം എന്നാണ് സൂചന.
വെള്ളിയാഴ്ച സമാനരീതിയില്‍ മറ്റൊരു സ്ത്രീയും സമീപ പ്രദേശത്ത് കൊല്ലപ്പെട്ടിരുന്നു. തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മ(65)യെയാണ് വീട്ടിലെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മരണത്തിനും പിന്നില്‍ ഒരേ സംഘമാണെന്ന് പോലീസ് സംശയിക്കുന്നു. എന്നാല്‍ ആരെയും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്താന്‍ പോലീസ് മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ ഊര്‍ജിതമായ അന്വേഷണം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.