ന്യൂഡല്‍ഹി : കേരളത്തില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന 72 പേര്‍ക്ക് കൂടി പരോളില്‍ തുടരാന്‍ അനുമതി നല്‍കി പരമോന്നത കോടതി. ജസ്റ്റിസുമാരായ എല്‍. നാഗേശ്വര്‍ റാവു, ബി. ആര്‍. ഗവായ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ജയിലുകളിലെ കോവിഡ് രോഗവ്യാപനം തടയുന്നതിന് നേരത്തെ പരോള്‍ ലഭിച്ചവരാണ് ഇവര്‍.
വ്യാപനം കുറഞ്ഞതിനാല്‍ പരോള്‍ റദ്ദാക്കി ജയിലുകളിലേക്ക് മടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യംചെയ്ത് തടവ് പുള്ളികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവിറക്കിയത്. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന ജയിലുകളില്‍ തടവ് പുള്ളികള്‍ക്കിടയില്‍ സാമൂഹിക അകലം ഉറപ്പാക്കാന്‍ കഴിയില്ലെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷ് വാദിച്ചു.