കോട്ടയം : വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെയായി കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണ്‍ കണക്ഷനുകള്‍ ജില്ലയില്‍ വര്‍ധിക്കുന്നു. സാധാരണക്കാര്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നുവെന്ന നിലയിലാണ് കെഫോണ്‍ ജനങ്ങളെ ആകര്‍ഷിക്കുന്നത്. കോട്ടയത്ത് കെഫോണ്‍ പദ്ധതി വഴി 7297 കണക്ഷനുകള്‍ ഇതിനോടകം നല്‍കി. ജില്ലയില്‍ ഇതുവരെ 2189.19 കിലോമീറ്റര്‍ കേബിളുകളാണ് സ്ഥാപിച്ചത്. കെഎസ്ഇബി ട്രാന്‍സ്മിഷന്‍ ടവറുകളിലൂടെ 186.48 കിലോമീറ്റര്‍ ഒപിജിഡബ്യു കേബിളുകളും 2012.33 കിലോമീറ്റര്‍ എഡിഎസ്എസ് കേബിളുകള്‍ കെഎസ്ഇബി പോസ്റ്റുകള്‍ വഴിയുമാണ് കേബിള്‍ സ്ഥാപിച്ചത്. ജില്ലയില്‍ 1652 സര്‍ക്കാര്‍ ഓഫീസുകള്‍ ഇപ്പോള്‍ കെഫോണ്‍ നെറ്റ്‌വര്‍ക്കാണ് ഉപയോഗിക്കുന്നത്. കോട്ടയം കലക്ടറേറ്റ്, അക്ഷരം മ്യൂസിയം, ഡി.സി ബുക്‌സ് ഹെഡ് ഓഫീസ്, വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം തുടങ്ങിയ പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ കെഫോണ്‍ കണക്ഷന്‍ നല്‍കി. ജില്ലയിലെ മലയോര മേഖലകളായ കണമല, തുലാപ്പള്ളി, കോരിത്തോട് തുടങ്ങിയ സ്ഥലങ്ങളിലടക്കം കെഫോണ്‍ ആയിരത്തിലധികം കണക്ഷന്‍ നല്‍കികഴിഞ്ഞു.
ജില്ലയില്‍ ആകെ 302 ബിപിഎല്‍ വീടുകളിലാണ് കെഫോണ്‍ കണക്ഷനുള്ളത്. 5343 വാണിജ്യ കണക്ഷനുകളും ജില്ലയില്‍ നല്‍കി. പ്രാദേശിക ഓപ്പറേറ്റര്‍മാര്‍ വഴിയാണ് വാണിജ്യ കണക്ഷനുകള്‍ നല്‍കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 171 ലോക്കല്‍ നെറ്റുവര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ ഇതിനായി കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കണക്ഷനുകള്‍ക്ക് വേണ്ടി പുതിയ രജിസ്‌ട്രേഷനുകളും വരുന്നുണ്ട്. ഒരു ഐ.എല്‍.എല്‍ കണക്ഷനും 19 എസ്.എം.ഇ കണക്ഷനുകളും ജില്ലയില്‍ നല്‍കി. പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ എന്റെ കെഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെഫോണ്‍ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷനായി രജിസ്റ്റര്‍ ചെയ്യാം.