കൊച്ചി : കോവിഡ് കാലം തനിച്ചാക്കിയത് ജില്ലയില്‍ എട്ട് കുട്ടികളെയാണ്. ദിവസങ്ങള്‍ക്കുമുമ്പ് കാക്കനാട് ഇടച്ചിറയില്‍ വിദ്യാര്‍ഥികളായ അശ്വതിയെയും ആയുഷിനെയും തനിച്ചാക്കിയാണ് നിര്‍മ്മാണത്തൊഴിലാളിയായിരുന്ന അമ്മ ശാന്ത കോവിഡിനെത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയത്. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഇവരുടെ പിതാവ് അയ്യപ്പന്‍കുട്ടി പത്തുവര്‍ഷം മുമ്പ് ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചിരുന്നു. എസ്.എസ്.എല്‍.സി ഫലം കാത്തുനില്ക്കുന്ന അശ്വതിക്കും 19കാരനായ ആയുഷിനും സ്വന്തമെന്നുപറയാന്‍ 87 വയസ്സുള്ള മുത്തശ്ശി മാത്രമാണിനിയുള്ളത്. ഇവരുള്‍പ്പെടെ ജില്ലയില്‍ കോവിഡ് മൂലം തീര്‍ത്തും അനാഥരായത് എട്ട് കുട്ടികളാണ്.
ഇവരുടെയെല്ലാം മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ നേരത്തേ മരിക്കുകയും ശേഷിച്ചയാളുടെ ജീവന് കോവിഡ് നഷ്ടപ്പെടുത്തുകയും ചെയ്തു. അങ്കമാലി, വൈപ്പിന്‍, കീരംപാറ, പോത്താനിക്കാട് തുടങ്ങിയ പ്രദേശങ്ങളിലുള്ള 18 വയസ്സില്‍ താഴെയുള്ളവരാണ് അനാഥരായത്. 180ലേറെ പേര്‍ക്ക് പിതാവിനെയോ മാതാവിനെയോ നഷ്ടപ്പെട്ടു.
കോവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിന്റെ ഭാഗമായി ജില്ല ചൈല്‍ഡ് പ്രോട്ടക്ഷന്‍ യൂണിറ്റ് ശേഖരിച്ച കണക്കാണിത്. അംഗന്‍വാടികള്‍ മുഖേനയാണ് വിവരശേഖരണം നടത്തിയത്. പിന്നീട് യൂണിറ്റിന്റെ നേതൃത്വത്തില്‍ സൂക്ഷ്മ പരിശോധന നടത്തി, ബാല്‍ സ്വരാജ് പോര്‍ട്ടലിലേക്ക് സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്.
വിവരശേഖരണം നടത്തി കണ്ടെത്തിയ കുട്ടികളെല്ലാം നിലവില്‍ ബന്ധുക്കളുടെ സംരക്ഷണയിലാണ് കഴിയുന്നതെന്ന് ജില്ല ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫിസര്‍ കെ.എസ്. സിനി പറഞ്ഞു. കോവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് വനിത-ശിശുവികസന വകുപ്പിന്റെ ഫണ്ടില്‍നിന്ന് പ്രതിമാസം 2000 രൂപ കുട്ടിയുടെയും രക്ഷാകര്‍ത്താവിന്റെയും ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കും. 18 വയസ്സാകുംവരെയാണിത്. കുട്ടികളുടെ പേരില്‍ മൂന്നുലക്ഷം രൂപ സ്ഥിരനിക്ഷേപവുമുണ്ട്. ബിരുദതലം വരെയുള്ള പഠനത്തിനുള്ള ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് കണ്ടെത്തുക. സംസ്ഥാനത്താകെ 74 കുട്ടികള്‍ക്കാണ് കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായത്.