എടപ്പാൾ: മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ വയോധികൻ അറസ്റ്റിൽ. പാലക്കാട് ജില്ലയിൽ തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി കളത്തിൽ പറമ്പിൽ ദിവാകരനാ(75)ണ് അറസ്റ്റിലായത്. ചങ്ങരംകുളം പോലീസാണ് പ്രതിയെ പിടികൂടിയത്. എടപ്പാൾ പട്ടാമ്പി റോഡിൽ ഓടുന്ന സ്വകാര്യ ബസ്സിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ബസിന്‍റെ പിൻസീറ്റിലിരുന്ന് പെൺകുട്ടിയെ ഉപദ്രവിച്ച 75 കാരനെ പോക്‌സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
മുന്നിലെ സീറ്റിൽ ഇരുന്ന പെൺകുട്ടിയെ പിൻ സീറ്റിലിരുന്ന ദിവാകരൻ ഉപദ്രവിച്ചെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന്, ബസ് നിർത്തി ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ചങ്ങരംകുള പോലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. പോക്‌സോ ചുമത്തി കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.