ആലപ്പുഴ : കാദീശ ഓർത്തഡോക്സ് പള്ളിയിൽനിന്നു വർഷങ്ങൾപഴക്കമുള്ള ഓട്ടുമണിമോഷ്ടിച്ച കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. 75 വർഷം പഴക്കമുള്ളതും 155 കിലോയോളം ഭാരംവരുന്നതുമായ ഓട്ടുമണിയാണു മോഷ്ടിച്ചത്. ചേരാവള്ളി പുലിപ്പറത്തറവീട്ടിൽ അനിൽ(46), കാർത്തികപ്പള്ളി മഹാദേവികാട് വടക്കേ ഇലമ്പടത്തുവീട്ടിൽ പ്രസന്നകുമാർ(52), നങ്ങ്യാർകുളങ്ങര വീട്ടൂസ് കോട്ടേജിൽ വാടകയ്ക്കുതാമസിക്കുന്ന രതി (42) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
പള്ളിയിലെ സെക്യൂരിറ്റിയാണ് അനിൽ. ഇയാൾ പള്ളിയുടെയടുത്ത് വാടകയ്ക്കു താമസിക്കുകയായിരുന്ന രതിയുടെയും സുഹൃത്തായ പ്രസന്നകുമാറിന്റെയും സഹായത്തോടെയാണു മണി മോഷ്ടിച്ചത്. മോഷണത്തിനുശേഷം രതി നങ്ങ്യാർകുളങ്ങരയിലെ വാടകവീട്ടിലേക്കു താമസംമാറ്റി. മോഷ്ടിച്ചശേഷം മണി രതിയുടെ വീട്ടിൽ സൂക്ഷിക്കുകയും തുടർന്ന് ആലപ്പുഴയിലുള്ള ആക്രിക്കടയിൽ ലേലം വിളിച്ചെടുത്തതാണെന്നു പറഞ്ഞു വിൽക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ലേലം വിളിച്ചെടുത്തതാണെന്നുള്ള പള്ളിയുടെ കത്തുവേണമെന്നു കടക്കാർ ആവശ്യപ്പെട്ടതോടെ വിൽപ്പന നടന്നില്ല. വീണ്ടും മണി രതിയുടെ വീട്ടിൽ സൂക്ഷിച്ചു.
പിന്നീടിത് പട്ടാമ്പിയിലുള്ള ആക്രിക്കച്ചവടക്കാരനു വിറ്റതായും ഇവർ പോലീസിനോട് പറഞ്ഞു. മണികണ്ടെത്താൻ പോലീസ് ശ്രമമാരംഭിച്ചു. ഡി.വൈ.എസ്.പി അലക്സ് ബേബി, എസ്.എച്ച്.ഒ. മുഹമ്മദ് ഷാഫി, രാജേന്ദ്രൻ, സുനിൽകുമാർ, ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണു മോഷ്ടാക്കളെ പിടികൂടിയത്.