പത്തനംതിട്ട : സ്വാതന്ത്ര്യത്തിന്‍റെ 75 മത് വാര്‍ഷികവും 76 മത് സ്വാതന്ത്ര്യ ദിനവും പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 15ന് ആഘോഷിക്കും. ആരോഗ്യ, വനിത, ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. രാവിലെ എട്ടിന് ജില്ലാ സ്റ്റേഡിയത്തിലെ പരിപാടികള്‍ ആരംഭിക്കും.
മുഖ്യാതിഥിയായ മന്ത്രി വീണാ ജോര്‍ജ് എത്തുന്നതോടെ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച് ദേശീയ ഗാനത്തിന്‍റെ അകമ്പടിയോടെ ദേശീയ പതാക ഉയര്‍ത്തും. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സാംസ്‌കാരിക പരിപാടികളും പോലീസ് മെഡല്‍ വിതരണവും, സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗ്രൂപ്പുകള്‍ക്ക് എവറോളിംഗ്, സ്ഥിരം ട്രോഫികളുടെ വിതരണവും സമ്മാനദാനവും നടക്കും.
അതേസമയം ആസാദി കാ അമൃത് മഹോത്സവ്, ഹര്‍ഘര്‍ തിരംഗ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി എല്ലാ സ്ഥാപനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യണമെന്നും പൂര്‍ണമായും ഹരിത മാനദണ്ഡം പാലിച്ചുകൊണ്ടായിരിക്കണം സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്നും കളക്ടര്‍ ദിവ്യ എസ് അയ്യർ അഭ്യര്‍ഥിച്ചു.