പത്തനംതിട്ട : ചിറ്റാര്‍ കാരികയം ചതുരക്കള്ളിപ്പാറ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് എഴുപത്തി ആറു ലക്ഷത്തി എഴുപതിനായിരം രൂപയുടെ ഭരണനുമതി ലഭിച്ചെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പട്ടികജാതി കോര്‍പസ് ഫണ്ടില്‍ നിന്നും തുക വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ ചിറ്റാര്‍ കാരികയം ചതുരക്കള്ളിപ്പാറ പ്രദേശത്തെ 62 പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെടെ നൂറു കണക്കിന് കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമം ഇതോടെ പരിഹരിക്കപ്പെടുകയാണ്. അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എയ്ക്ക് നാട്ടുകാര്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്ന് പട്ടിക ജാതി ക്ഷേമ വകുപ്പ് മന്ത്രിക്കു നിവേദനം നല്‍കുകയും പദ്ധതി വകുപ്പ് തല വര്‍ക്കിംഗ് ഗ്രൂപ്പിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു ഉത്തരവ് ലഭിക്കുകയായിരുന്നു.
ചിറ്റാര്‍ കമ്പകത്തും പാറയില്‍ നിലവിലുള്ള രണ്ടു ലക്ഷം ലിറ്റര്‍ സ്റ്റോറേജ് ടാങ്കില്‍ വെള്ളം പമ്പ് ചെയ്ത് അവിടെ നിന്നും പൈപ്പ് ലൈന്‍ വഴി താഴെ പുട്ട് കാനക പാര്‍ഥ സാരഥി ക്ഷേത്രം വക സ്ഥലത്തു സ്ഥാപിക്കുന്ന ടാങ്കില്‍ എത്തിച്ചു വിതരണം നടത്തും. പദ്ധതി നടത്തിപ്പിന് ആവശ്യമായ തുക നടപ്പ് സാമ്പത്തിക വര്‍ഷത്തെ കോര്‍പ്പസ് ഫണ്ട് ശീര്‍ഷകത്തില്‍ നിന്നും ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ക്ക് അനുമതി നല്‍കിക്കൊണ്ടാണ് ഉത്തരവായത്. കേരള വാട്ടര്‍ അതോറിറ്റിക്കാണ് നിര്‍വഹണ ചുമതല. ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ വാട്ടര്‍ അതോറിട്ടി ഡിവിഷനില്‍ തുക ഡിപ്പോസിറ്റ് ചെയ്യും. ഓരോ കുടുംബങ്ങളിലേക്കും വ്യക്തിഗത കുടിവെള്ള കണക്ഷനാണ് നല്‍കുന്നത്. ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.