പത്തനംതിട്ട : ഓണക്കാലത്തെ വിപണി ഇടപെടലിലൂടെ സർക്കാർ ജില്ലയിൽനിന്ന് ശേഖരിച്ചത് 78.77 ടൺ ഉത്പന്നങ്ങൾ. കൃഷിഭവനുകൾ, ഓണച്ചന്തകൾ, ഹോർട്ടികോർപ്പുകൾ തുടങ്ങിയ കേന്ദ്രങ്ങൾ വഴിയാണ് ഉത്പന്നങ്ങൾ ശേഖരിച്ചത്. കൃഷിഭവനുകൾ വഴി 71.85 ടൺ പച്ചക്കറികളാണ് ജില്ലയിൽ ശേഖരിച്ചത്. ഹോർട്ടികോർപ്പുകൾ വഴി 4.75 ടൺ പച്ചക്കറികളും. 0.75 ടൺ പഴവർഗങ്ങളും 1.43 ടൺ മൂല്യവർധിത ഉത്പന്നങ്ങളും കർഷകരിൽനിന്ന് വാങ്ങി. 55 ലക്ഷം രൂപ മൊത്തവിലയായി കർഷകർക്ക് സർക്കാർ നൽകി. കൃഷിഭവനുകളിൽനിന്ന് വാങ്ങിയവയ്ക്ക് 51 ലക്ഷവും ഹോർട്ടികോർപ്പുകൾ വഴി വാങ്ങിയ ഉത്പന്നങ്ങൾക്ക് രണ്ടുലക്ഷവും നൽകി. ശേഖരിച്ച പഴവർഗങ്ങൾക്കായി 52000 രൂപയും മറ്റ് ശർക്കര, ചിപ്സ് തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങൾക്ക് മൊത്തം ലക്ഷം രൂപയും കർഷകർക്ക് നൽകി. കർഷകരിൽനിന്ന് 10 ശതമാനം വില കൂട്ടിയെടുത്തശേഷം 30 ശതമാനം വില കുറച്ചാണ് കൃഷിഭവനുകളുടെ ഓണവിപണിയിൽ വിൽപ്പന നടത്തിയത്. ജില്ലയിൽ 57 പച്ചക്കറിച്ചന്തകളാണ് കൃഷിവകുപ്പ് നേരിട്ട് നടത്തിയത്. ഹോർട്ടികോർപ്പിന്റെ 46 വിപണികളുമുണ്ടായിരുന്നു.
1,593 കർഷകരിൽനിന്നുമാണ് ഇത്രയും പച്ചക്കറികൾ ശേഖരിക്കാൻ സാധിച്ചത്. നാടൻ പച്ചക്കറികളായ പടവലം, വെള്ളരിക്ക, ചേന, ചേമ്പ്, കാച്ചിൽ, പച്ചമുളക്, പയർ, പാവയ്ക്ക, വഴുതനങ്ങ, ഇഞ്ചി തുടങ്ങിയ ഇനങ്ങളാണ് കർഷകരിൽനിന്നു കൂടുതൽ ലഭിച്ചത്. സവാള, ഉരുളക്കിഴങ്ങ്, കാരറ്റ്, ബീൻസ് തുടങ്ങിയ ഇനങ്ങൾ ഇതരസംസ്ഥാനങ്ങളിൽനിന്ന് ആവശ്യാനുസരണം മുൻകൂട്ടിയെത്തിച്ചിരുന്നു. തുടർച്ചയായുണ്ടായ കാലാവസ്ഥാവ്യതിയാനവും പന്നി, കുരങ്ങ് തുടങ്ങിയവയുടെ ശല്യവും തരണംചെയ്താണ് കർഷകർ ഇത്രയധികം വിളകളുമായി ഇത്തവണ ജില്ലയിലെ വിവിധ ഓണവിപണിയിൽ എത്തിയത്.