തിരുവനന്തപുരം : സംസ്ഥാനത്തെ ബസ് വ്യവസായമേഖല കടുത്ത പ്രതിസന്ധിയില്‍ നിന്നും കരകയറാനാവാതെ വന്‍തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നു. പ്രതിസന്ധിയെ തുടര്‍ന്ന് പല ജില്ലകളിലും ബസുകള്‍ കൂട്ടത്തോടെ വിറ്റൊഴിവാക്കുകയാണ് ഉടമകള്‍. ലക്ഷങ്ങള്‍ വിലയുള്ള ബസുകള്‍ ചുരുങ്ങിയ വിലയ്ക്കാണ് വില്‍ക്കുന്നത്. പ്രത്യേകിച്ച് സെക്കന്‍ഡ്ഹാന്‍ഡ് ബസുകള്‍ക്ക് കാറിന്റെ വില മാത്രമാണ് ലഭിക്കുന്നതെന്നും രണ്ട് ലക്ഷം രൂപ വരെ വിലയിട്ടിട്ടും ബസുകള്‍ വാങ്ങാന്‍ ആളുകള്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും ഉടമകള്‍ പറയുന്നു.
പല ജില്ലകളിലും ഇങ്ങനെ ചുളുവിലയ്ക്ക് നിരവധി ഉടമകള്‍ ബസുകള്‍ വിറ്റതായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് എം പി സത്യന്‍ തന്നെ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. വില കുറഞ്ഞിട്ടും വാങ്ങാന്‍ ആളില്ലാത്ത സ്ഥിതിയാണ്. പെര്‍മിറ്റ് മരവിപ്പിച്ച ശേഷം ബസുകള്‍ മാത്രം വില്‍ക്കുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ പെര്‍മിറ്റുകള്‍ നഷ്ടപ്പെടുന്നതിനു തന്നെ ഇതിടയാക്കിയേക്കും. ഇതറിയാതെയാണ് പലരും ബസുകള്‍ വില്‍ക്കുന്നത്. സാധാരണ ഗതിയില്‍ സെക്കന്‍ഡ് ഹാന്‍ഡ് ബസുകള്‍ക്ക് നിലവാരമനുസരിച്ച് ഏഴു മുതല്‍ എട്ടു ലക്ഷം രൂപ വരെയെങ്കിലും ലഭിക്കാറുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വന്‍കിട വസ്ത്ര-ആഭരണ ശാലകള്‍, ആശുപത്രികള്‍ തുടങ്ങിയവരാണ് ഒന്നും രണ്ടും ലക്ഷം രൂപ മുടക്കി പഴയ ബസുകള്‍ വാങ്ങുന്നത്.
കൊവിഡ് വ്യാപനം തുടങ്ങിയത് മുതല്‍ ഏകദേശം ആറ് മാസത്തോളമായി മിക്ക ബസുകളും ഓടുന്നില്ല. ഓടുന്ന ബസുകള്‍ തന്നെ ആളില്ലാത്തതിനാല്‍ വലിയ നഷ്ടത്തിലാണ്. പല ബസുകളിലേയും ടയറും എഞ്ചിനും ബാറ്ററിയും നശിച്ച് തുടങ്ങിയിട്ടുണ്ട്. ഇത് മാറ്റുന്നതിന് തന്നെ വലിയ തുക ചെലവാകും. ഇന്ധനം, ടയര്‍, സ്‌പെയര്‍പാട്‌സ് തുടങ്ങിയവ വാങ്ങിയ ഇനത്തില്‍ വന്‍തുക ഉടമകള്‍ക്ക് ബാധ്യതയുണ്ട്.