ഗാസ്സ സിറ്റി: ഗാസ്സയിൽ ഒരാഴ്ചക്കകം വെടിനിർത്തൽ സാധ്യമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രായേലിനും ഹമാസിനുമിടയിൽ ഒത്തുതീർപ്പുണ്ടാക്കാൻ സാധിക്കുന്ന ആളുകളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനുളള സാധ്യത തെളിയുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഗാസ്സയിലെ ആക്രമണം ഇസ്രായേൽ അവസാനിപ്പിക്കുകയാണെങ്കിൽ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ തയാറാണെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഹമാസിനെ നിരായുധീകരിച്ചാൽ മാത്രമേ ആക്രമണം അവസാനിപ്പിക്കാനാവൂ എന്നാണ് ഇസ്രായേൽ നിലപാട്. അതിനിടെ ഗാസ്സയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കി.
24 മണിക്കൂറിനിടെ 81 പേരാണ് കൊല്ലപ്പെട്ടത്. 422 പേർക്ക് പരിക്കേറ്റു. ഗാസ്സ സിറ്റിയിലെ ഫലസ്തീൻ സ്റ്റേഡിയത്തിൽ അഭയംതേടിയ 12 പേരും അപ്പാർട്ടുമെന്റുകളിൽ താമസിച്ചിരുന്ന എട്ടുപേരും കൊല്ലപ്പെട്ടു. തെക്കൻ ഗാസ്സയിൽ മുവാസിയിലെ ടെന്റിനു നേരെയുണ്ടായ ആക്രമണത്തിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. കിഴക്കൻ ഗസ്സയിൽ 11 പേർ കൊല്ലപ്പെട്ടു. അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയോടെ ഗാസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന സഹായ കേന്ദ്രങ്ങളിൽ ഭക്ഷണം തേടിയെത്തിയവർക്ക് നേരെയും റോഡുകളിലെ ജനക്കൂട്ടത്തിന് നേരെയും ഇസ്രായേൽ സൈന്യം വെടിയുതിർത്തതായി ആരോഗ്യ ഉദ്യോഗസ്ഥരും സാക്ഷികളും പറഞ്ഞു.