കുഴല്‍മന്ദം : വൃദ്ധയുടെ മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കളപ്പെട്ടി പുളിയങ്കാവ് മന്ദത്തുപറമ്പ് വീട്ടില്‍ കമലമ്മയുടെ (82) മൃതദേഹമാണ് വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയത്. ഇളയമകന്‍ ബാബുവിനെ (40) പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം പുറത്തെടുത്ത് ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടത്തിനെത്തിച്ചു.
ബാബു പോലീസിനോട് പറഞ്ഞത് ഇങ്ങനെ, ”ഒരുമാസത്തോളമായി അസുഖം ബാധിച്ച് കിടപ്പിലായ അമ്മ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത നിലയിലായിരുന്നു. ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് കഴിച്ചിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച കുലുക്കി വിളിച്ചിട്ടും അനക്കമൊന്നും കണ്ടില്ല. മരിച്ചതറിയാതെ വെള്ളിയാഴ്ചവരെ അമ്മയോടൊപ്പം വീട്ടില്‍ കഴിഞ്ഞു. വെള്ളിയാഴ്ച രാത്രി വീട്ടുവളപ്പില്‍ ഒരടി താഴ്ചയില്‍ നീളത്തില്‍ കുഴിയെടുത്ത് മൃതദേഹം പുതപ്പില്‍ പൊതിഞ്ഞുകെട്ടി കുഴിയില്‍ കിടത്തി മുകളില്‍ ഓടുകൊണ്ട് മൂടിയശേഷം മണ്ണിട്ടു. ശേഷം കരിങ്കല്ലുകള്‍ നിരത്തി.”
തിങ്കളാഴ്ച ആശാ വര്‍ക്കര്‍ വീട്ടിലെത്തി കമലമ്മയെ അന്വേഷിച്ചപ്പോള്‍ ഇയാള്‍ അവരോട് കയര്‍ത്തു. ഇതില്‍ സംശയം തോന്നി പഞ്ചായത്തംഗത്തെയും കുഴല്‍മന്ദം പോലീസിലും വിവരമറിയിച്ചു. കമലമ്മയുടെ മൂത്തമകന്‍ രവിയും പോലീസില്‍ പരാതി നല്‍കി. വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയ ശേഷം അന്വേഷണം ഊര്‍ജിതമാക്കി. ചൊവ്വാഴ്ച രാവിലെ 10ന് ബാബുവിനെ കുഴല്‍മന്ദത്തുനിന്ന് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ മൃതദേഹം കുഴിച്ചിട്ടതായി ഇയാള്‍ സമ്മതിച്ചു. വിരലടയാള വിദഗ്ധരുടെയും ഫോറന്‍സിക് സംഘത്തിന്റെയും പരിശോധനാഫലവും പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും വന്നശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.