ദില്ലി: ചില സ്റ്റിറോയിഡുകളും കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകളും ഉൾപ്പെടെ ചില കമ്പനികളുടെ 84 ബാച്ച് മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. സിഡിഎസ്‌സിഒയുടെ പതിവ് ഗുണനിലവാര പരിശോധനയിലാണ് കണ്ടെത്തൽ. ഇത് സംബന്ധിച്ച് ഒരു മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വിപണിയിൽ വിൽക്കുന്ന നിലവാരമില്ലാത്ത മരുന്നുകളെക്കുറിച്ച് സിഡിഎസ്‌സിഒ എല്ലാ മാസവും മുന്നറിയിപ്പ് നൽകാറുണ്ട്. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് 2024 ഡിസംബറിൽ വിവിധ കമ്പനികൾ നിർമ്മിക്കുന്ന 84 ബാച്ച് മരുന്നുകൾ നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. അസിഡിറ്റി, ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ, പ്രമേഹം, ബാക്ടീരിയ അണുബാധകൾ തുടങ്ങിയ സാധാരണ രോഗങ്ങൾക്ക് നിർദ്ദേശിക്കുന്ന ചില മരുന്നുകളും ഇതിൽ ഉൾപ്പെടുന്നു.
സർക്കാർ പരിശോധിച്ച ബാച്ചിലെ മരുന്ന് ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് പരിശോധനയിൽ പരാജയപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എൻഎസ്‌ക്യുവും വ്യാജ മരുന്നുകളും തിരിച്ചറിയുന്നതിനുള്ള നടപടി സംസ്ഥാന റെഗുലേറ്റർമാരുമായി സഹകരിച്ച് പതിവായി സ്വീകരിക്കുന്നുണ്ടെന്നും മരുന്നുകൾ തിരിച്ചറിഞ്ഞ് വിപണിയിൽ നിന്ന് നീക്കം ചെയ്യുന്നുവെന്ന് ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എല്ലാ ഡ്രഗ് ഇൻസ്‌പെക്ടർമാരും ഒരു മാസത്തിൽ കുറഞ്ഞത് 10 സാമ്പിളുകളെങ്കിലും ശേഖരിക്കണമെന്ന് അതിൽ പറയുന്നു. കൂടാതെ സാമ്പിൾ എടുക്കുന്ന അതേ ദിവസം തന്നെ സാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയയ്ക്കുന്ന വിധത്തിൽ ഡ്രഗ് ഇൻസ്‌പെക്ടർമാർ നടപടി ആസൂത്രണം ചെയ്യണമെന്ന് പുതിയ മാർഗ നിർദേശത്തിൽ പറയുന്നു. ഗ്രാമപ്രദേശങ്ങളിലോ ഓഫീസിൽ നിന്ന് വളരെ അകലെയോ ആണെങ്കിൽ സാമ്പിൾ അടുത്ത ദിവസത്തിനുള്ളിൽ ലബോറട്ടറിയിലേക്ക് അയയ്ക്കണം.