ഭോപ്പാല്‍: ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയാക്കി 50-കാരനെ കൊലപ്പെടുത്തിയ 14 ഗോരക്ഷാപ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ വനിതാ ജഡ്ജിക്ക് വധഭീഷണി. മധ്യപ്രദേശിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി തബസും ഖാനെതിരെയാണ് വധഭീഷണി ഉണ്ടായത്.ജൂണ്‍ 12-നാണ് നസീര്‍ അഹമ്മദിന്റെ കൊലപാതകക്കേസില്‍ പ്രതികളെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചത്. 2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയില്‍ കന്നുകാലികളെ കൊണ്ടുപോകുമ്പോള്‍, വടികളും മറ്റ് ആയുധങ്ങളുമുപയോഗിച്ച് ‘ഗോ രക്ഷകര്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘം അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
പശുക്കളെ കടത്തുകയാണെന്ന സംശയത്തിന്റെ പേരില്‍ അക്രമികള്‍ അഹമ്മദിനെയും മറ്റ് രണ്ട് പേരെയും വാഹനത്തില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഹമ്മദ് പിന്നീട് മരണത്തിന് കീഴടങ്ങി. ആള്‍ക്കൂട്ട കൊലപാതകത്തിന്റെ വ്യക്തമായ തെളിവാണ് കുറ്റകൃത്യമെന്ന് ജഡ്ജി തബാസും ഖാന്‍ തന്റെ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ വിധിക്ക് പിന്നാലെ തീവ്രവലതുപക്ഷ ഗ്രൂപ്പികള്‍ ജഡ്ജിക്കെതിരെ ഭീഷണിയുമായി എത്തുകയായിരുന്നു. മുസ്‌ലിമായ തബസും ഖാന്‍ കുറ്റാരോപിതരുടെ മതം നോക്കിയാണ് ശിക്ഷ വിധിച്ചത് എന്നായിരുന്നു ആരോപണം. ജഡ്ജിയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിരവധി വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു.
പിന്നാലെ ജഡ്ജിക്ക് പൊലീസ് സംരക്ഷണം നല്‍കി. വനിതാ ജഡ്ജിയെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബലാത്സംഗ ഭീഷണികളും വധഭീഷണികളും മുഴക്കുകയും ചെയ്യുന്ന ഹിന്ദു വലതുപക്ഷ സ്വാധീനമുള്ളവരുടെ വീഡിയോകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ ആശങ്കയുയര്‍ന്നു.ഒരു വീഡിയോയില്‍, കുറ്റവാളികളെ 10 ദിവസത്തിനുള്ളില്‍ മോചിപ്പിച്ചില്ലെങ്കില്‍ രാജ്യമെമ്പാടും ‘രക്തച്ചൊരിച്ചില്‍’ ഉണ്ടാകുമെന്ന് ഒരാള്‍ മുന്നറിയിപ്പ് നല്‍കി. ഇതിനെല്ലാം ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളും കിട്ടിയെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.






























