തിരുവനന്തപുരം : രോഗവുമായി എത്തിയവരില്‍ നിന്നും രോഗം പടര്‍ന്നതാണ് സംസ്ഥാനത്തിന്റെ മുന്നിലെ വെല്ലുവിളിയെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. നേരത്തെ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളികള്‍ക്ക് രോഗം വന്നപ്പോള്‍ അവരില്‍ നിന്നും വേറെയാരിലേക്കും രോഗം പടര്‍ന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രോഗം മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പടരാനാരംഭിച്ചു.
ഇറ്റലിയില്‍ നിന്നെത്തിയവരില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നത്. ആരൊക്കെ രോഗം പകര്‍ന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തണം. ആറോ ഏഴോ തട്ടു വരെ അപ്പുറത്തേയ്ക്ക് ഇതിനായുള്ള പരിശോധന നടത്തണം. രോഗബാധയുള്ള രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ ദയവായി ബന്ധപ്പെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വിദേശത്ത് നിന്നും എത്തുന്നവര്‍ക്ക് സംസ്ഥാനത്തെ കൊറോണ ജാഗ്രത മുന്‍കരുതല്‍ നടപടികളുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.