തിരുവല്ല : ഒഴുകിവരുന്നത് മൃതശരീരമെന്ന് കരുതി പലരും കാഴ്ച്ചക്കാരായി മാറിനിന്നപ്പോള്‍ മണിമലയാറ്റിലെ കുത്തൊഴുക്കിലേക്കിറങ്ങി വയോധികയുടെ ജീവൻ അതിസാഹസികമായി രക്ഷിച്ച റജിയാണ് ഇപ്പോള്‍ നാട്ടിലെ താരം. തിരുവല്ല പ്ലാമ്പറമ്പ് സ്വദേശിയും സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുമായ റെജി, മണിമല സ്വദേശി ഓമനക്കാണ് രണ്ടാമതൊരു ജന്മം നല്‍കിയത്.
മൃതശരീരമെന്ന് കരുതി പലരും കാഴ്ച്ചക്കാരായി നിന്നപ്പോഴാണ് തോണ്ടറപ്പാലത്തിന് താഴെ വളരെ ആഴമുള്ള ആറ്റിലേക്ക് റെജി വള്ളവുമായി ഇറങ്ങിയത്. ഓമനയെ കരയ്ക്കെത്തിച്ച ഉടൻ തന്നെ റെജി പ്രദേശത്തെ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകരെ വിവരമറിയിച്ചു. പ്രവർത്തകരെത്തി തിരുവല്ല ഗവ. ആശുപത്രിയിൽ ഓമനയെ എത്തിക്കുകയായിരുന്നു. ഡോക്ടറുടെ നിരീക്ഷണത്തിൽ കഴിയുന്ന ഓമന ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണ്. കൂലിപ്പണിക്കാരനായ റെജി അമ്മയ്ക്കും ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം റോഡ് പുറമ്പോക്കിലാണ് താമസം.