കാഞ്ഞിരപ്പള്ളി : മലയോര മേഖലയിലെ വിദ്യാഭ്യാസ ഉന്നമനത്തിന് അരനൂറ്റാണ്ടോളം പ്രവര്‍ത്തിച്ച മുതിര്‍ന്ന വൈദികനും കാഞ്ഞിരപ്പള്ളി രൂപതാംഗവുമായ റവ.ഡോ.ആന്റണി നിരപ്പേല്‍ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലായിരുന്ന അദ്ദേഹം മുണ്ടക്കയത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
ചെങ്ങളം ഇടവക നിരപ്പേല്‍ കുഞ്ഞുമത്തായി-റോസമ്മ ദമ്പതികളുടെ ഒന്‍പതു മക്കളില്‍ മൂന്നാമനായി 1936 സെപ്റ്റംബര്‍ എട്ടിനാണ് അദ്ദേഹം ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശേരി പാറേല്‍ സെമിനാരിയില്‍ ചേര്‍ന്നു. ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ വൈദികപരിശീലനം പൂര്‍ത്തിയാക്കി 1963 മാര്‍ച്ച് 11 ന് തിരുപ്പട്ടം സ്വീകരിച്ചു.
ചങ്ങനാശേരി കത്തീഡ്രലില്‍ അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു ആദ്യ നിയമനം. തുടര്‍ന്ന് അഞ്ചു വര്‍ഷം ബെല്‍ജിയത്തെ ലുവൈന്‍ യൂണിവേഴ്സിറ്റിയിലും ഒരു വര്‍ഷം ലൂമെന്‍ വീത്തേ എന്ന കാറ്റക്കെറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ഉപരിപഠനം നടത്തി. തിരികെയെത്തിയ അദ്ദേഹം ഏഴു വര്‍ഷക്കാലം ചങ്ങനാശേരി സന്ദേശനിലയത്തില്‍ മതബോധന ഡയറക്ടറായി പ്രവര്‍ത്തിച്ചു.
1977-ല്‍ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോള്‍ രൂപതയുടെ ആത്മീയവും ഭൗതികവുമായ ഉന്നമനത്തിനു വേണ്ടി മാര്‍ ജോസഫ് പവ്വത്തിലിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ചിറക്കടവ് താമരക്കുന്ന്, പൊന്‍കുന്നം, ആനക്കല്ല്, വെളിച്ചിയാനി, എലിക്കുളം, കൂവപ്പള്ളി എന്നിവിടങ്ങളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. ഇടയ്ക്ക് അഞ്ചുവര്‍ഷക്കാലത്തോളം അമേരിക്കയിലും അദ്ദേഹം അജപാലന ശുശ്രൂഷ നിര്‍വഹിച്ചു.
ചെങ്ങളം മേഴ്സി ഹോസ്പിറ്റല്‍, എസ്എച്ച് സ്കൂള്‍, ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്കൂള്‍, സെന്റ് അപ്രേംസ് മെഡിക്കല്‍ സെന്റര്‍ എന്നിവ സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ചു. സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ സ്ഥാപനം വഴി ചെറുഗ്രാമമായ ആനക്കല്ലിന് രാജ്യത്തെ വിദ്യാഭ്യാസ ഭൂപടത്തില്‍ അദ്ദേഹം ഇടം നല്കി.
സാധാരണക്കാരും താഴ്ന്ന വരുമാനക്കാരുമായ ആയിരങ്ങള്‍ വിദ്യതേടുന്ന കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജ് അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി നിലകൊള്ളുകയാണ്. പെരുവന്താനത്ത് സ്വശ്രയ മേഖലയില്‍ തുടങ്ങിയ സെന്റ് ആന്റണീസ് കോളേജും ഇന്ന് മേഖലയിലെ വേറിട്ട ഒരു അധ്യായനമായി മാറി. നിലയ്ക്കല്‍ പള്ളിയുടെ പുനഃസ്ഥാപനത്തിന് നിര്‍ണായക പങ്കുവഹിച്ചു.