ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിനത്തില്‍ വനിത കര്‍ഷകരുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ പരേഡ് അരങ്ങേറും. ഹരിയാനയിലെ ജിന്ദ് ജില്ലയില്‍നിന്നാണ് ട്രാക്ടര്‍ പരേഡ് ആരംഭിക്കുക. ട്രാക്ടര്‍ പരേഡിന്റെ റിഹേഴ്സല്‍ കഴിഞ്ഞദിവസം നടന്നു. കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ നേതൃത്വത്തിലാകും പരേഡ്. 5000 വാഹനങ്ങളും 20,000 കര്‍ഷകരും സ്വാതന്ത്ര്യദിനത്തിലെ ട്രാക്ടര്‍ പരേഡില്‍ പങ്കെടുക്കുമെന്ന് കര്‍ഷക സംഘടനകള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പരേഡില്‍ ദേശീയപതാകക്കൊപ്പം കര്‍ഷകരുടെ കൊടിയും ഉയര്‍ത്തും. കൂടാതെ വാഹനങ്ങളില്‍ കാര്‍ഷിക ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും ഖേര ഖാപ്പ് പഞ്ചായത്ത് തലവന്‍ സത്ബിര്‍ പെഹല്വാന് ബര്‍സോല പറഞ്ഞു. കര്‍ഷകരുടെ നേതൃത്വത്തില്‍ 75ാം സ്വാതന്ത്ര്യദിനം കിസാന്‍ മസ്ദൂര്‍ ആസാദി സന്ഗ്രം ദിവസമായി ആചരിക്കും. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ രാജ്യമെമ്പാടും റാലികള്‍ സംഘടിപ്പിക്കുകയും ചെയ്യും. ആഗസ്റ്റ് 15 രാവിലെ 11 മുതല്‍ ഒരു മണിവരെയാകും റാലി. കര്‍ഷകര്‍ പ്രക്ഷോഭം തുടരുന്ന സിംഘു, ടിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ മാര്‍ച്ചും പരിപാടികളും സംഘടിപ്പിക്കും. രാജ്യതലസ്ഥാനത്തേക്ക് പ്രവേശിക്കില്ല.