തൃക്കാക്കര : തൃക്കാക്കരയില്‍ ആരെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ഇറക്കിയാലും മണ്ഡലം ഇടതുമുന്നണി പിടിച്ചെടുക്കുമെന്ന് സെബാസ്റ്റ്യന്‍ പോള്‍. അരുണ്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ ആ പ്രതീക്ഷ കൂടുകയാണ്. അതിനായുള്ള പ്രവര്‍ത്തനങ്ങളും നേരത്തെ തുടങ്ങിയതാണ്. എറണാകുളത്തിനോ തൃക്കാക്കരയ്ക്കോ പരിചയമില്ലാത്ത മുഖമല്ല അരുണ്‍ കുമാറിന്റേത് എന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
‘ഡിവൈഎഫ്ഐ മുതല്‍ ശിശുക്ഷേമ സമിതി, സിഐടിയു എന്നിവയിലെല്ലാം ഔദ്യോഗിക പദവികള്‍ വഹിച്ച വ്യക്തിയാണ് അരുണ്‍ കുമാര്‍. കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പുതിയ മാറ്റമാണ് തൃക്കാക്കരയിലുണ്ടാകാന് പോകുന്നത്. അരുണ്‍ കുമാറിനെക്കാള്‍ കരുത്തനായ മറ്റൊരു യുവ നേതാവിനെ പാര്‍ട്ടിക്ക് അന്വേഷിക്കേണ്ട ആവശ്യമില്ല’. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
നാളെ തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് ചേര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും. ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനാണ് മണ്ഡലത്തിന്റെ പൂര്‍ണ മേല്‍നോട്ട ചുമതല. അമേരിക്കയില്‍ നിന്ന് ഈ മാസം പത്തിന് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയും പ്രചാരണത്തിനെത്തും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചികിത്സാര്‍ത്ഥം അമേരിക്കയില്‍ തുടര്‍ന്നേക്കും.