പത്തനംതിട്ട : മൈലപ്രായിലെ അനധികൃത നിലം നികത്തലിനെതിരെ അന്വേഷണങ്ങളും കോടതി നടപടികളും ഉടനുണ്ടാകുമെന്ന് സൂചന. നികത്തിയ സ്ഥലത്ത് അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരും. അനുമതിയില്ലാതെ നികത്തിയ പാടങ്ങള്‍ പൂര്വസ്ഥിതിയിലാക്കേണ്ടിയും വരും. അനധികൃത നിലം നികത്തല്‍ അറിഞ്ഞിട്ടും നടപടിയെടുക്കാതെ കണ്ണടച്ച ഉദ്യോഗസ്ഥര്‍ക്കും ഉത്തരം പറയേണ്ടിവരും. 10 സെന്റ് കരഭൂമിയും അതിനോട് ചേര്‍ന്നുകിടക്കുന്ന ഏക്കറു കണക്കിന് പാടവും വാങ്ങി മൊത്തം സ്ഥലവും കരഭൂമിയാക്കിയ മായാജാലവും മൈലപ്രാ പള്ളിപ്പടിയില്‍ നടന്നിട്ടുണ്ട്. പല സ്ഥലങ്ങള്‍ക്കും വ്യാജരേഖകള്‍ ചമച്ചിട്ടുണ്ട്. റവന്യു – പഞ്ചായത്ത് വകുപ്പുകളിലെ ചില ഉദ്യോഗസ്ഥരാണ് ഈ നടപടികള്‍ക്ക് കൂട്ടുനിന്നത് എന്നാണ് ലഭിക്കുന്ന വിവരം.
അനുമതിയില്ലാതെ ഏക്കറുകണക്കിന് പാടങ്ങളാണ് മൈലപ്രാ പള്ളിപ്പടിയിലും സമീപ പ്രദേശങ്ങളിലും നികത്തിയത്. അനധികൃതമായി നികത്തിയ സ്ഥലത്ത് ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിച്ച് വില്ക്കുവാനായിരുന്നു ചിലരുടെ നീക്കം. ഇതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിരുന്നു. വ്യാജ രേഖകള്‍ ചമച്ച് കരഭൂമിയാണെന്ന് വരുത്തി തീര്‍ക്കുകയും ചെയ്തിരുന്നു. 18 നില വരെയുള്ള കെട്ടിടങ്ങളാണ് നിര്‍മ്മിക്കുവാന്‍ പദ്ധതിയിട്ടത്. പരസ്യങ്ങളുടെ പിന്‍ബലത്തില്‍ ഫ്ലാറ്റുകള്‍ വിറ്റഴിക്കാമെന്നും കോടികള്‍ ലാഭമുണ്ടാക്കാമെന്നും ഇവര്‍ കണക്കുകൂട്ടി. ഫ്ലാറ്റുകള്‍ വാങ്ങുന്നവര്‍ വന്‍ തട്ടിപ്പിന് ഇരയാകുമായിരുന്നു. എറണാകുളം മരടിലെ അനധികൃത ഫ്ലാറ്റ് സമുച്ചയങ്ങള്‍ കോടതി നടപടികളിലൂടെ പൊളിക്കേണ്ടിവന്നപ്പോള്‍ ലക്ഷങ്ങളും കോടികളും പലര്‍ക്കും നഷ്ടമായി. കോടികള്‍ മുടക്കി നിര്‍മ്മിച്ച ആലപ്പുഴ കാപികോ റിസോര്‍ട്ടും പൊളിക്കല്‍ ആരംഭിച്ചു. അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കോ രാഷ്ട്രീയ നേതാക്കള്‍ക്കോ ഇത് തടയുവാന്‍ കഴിയില്ല. >> തുടരും.