ഡെറാഡൂൺ : 80കാരിയായ ബന്ധുവിനെ ബലാത്സംഗം ചെയ്ത 27കാരനായ യുവാവ് അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ പിത്തോഡഗഡിലെ ഒഡമത് ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. 27കാരനായ മുകേഷ് സിങ്ങാണ് അറസ്റ്റിലായത്. രാത്രി വീട്ടിലിരുന്ന് മദ്യപിച്ച ശേഷം വൃദ്ധയെ വീട്ടിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയും മർദ്ദിക്കുകയും ചെയ്ത ശേഷം അവരെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ജാജർദെവാൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മദൻ സിങ് പറഞ്ഞു.
വൃദ്ധയുടെ കരച്ചിൽ കേട്ട് നാട്ടുകാർ എത്തുകയും യുവാവിനെ പിടിച്ച് കൈകാര്യം ചെയ്യുകയും ചെയ്തെങ്കിലും ഇയാൾ അവരെ വെട്ടിച്ച് ഓടിരക്ഷപെട്ടു. സമീപത്തെ ഒരു വനപ്രദേശത്ത് ഒളിച്ചിരുന്ന പ്രതിയെ പിന്നീട് പിടികൂടുകയായിരുന്നു. വയോധികയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും പ്രതിക്കെതിരെ കേസെടുക്കുകയും ചെയ്തു. ഐ.പി.സി 376, 452, 323 വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.