പുനലൂർ: 12 വയസുകാരിയെ പീഡിപ്പിച്ച 42കാരന് നാല് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ചിറ്റാർ പള്ളിനടയിൽ വീട്ടിൽ ജെയ് മോനെ (42) പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി സ്പെഷ്യൽ ഡിസ്ട്രിക്ട് ജഡ്ജ് റ്റി.ഡി. ബൈജു ആണ് ശിക്ഷിച്ചത്. 2016 ജനുവരിയിലാണ് സംഭവം. ആര്യങ്കാവിലെ എസ്റ്റേറ്റിൽ മാതാവിനോടൊപ്പം കഴിഞ്ഞിരുന്ന പെൺകുട്ടിയെ ഇവർക്കൊപ്പം താമസിച്ചിരുന്ന പ്രതി പീഡിപ്പിക്കുകയായിരുന്നു. എസ്റ്റേറ്റിൽവെച്ച് പല ദിവസങ്ങളിലും പല സമയങ്ങളിലും പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും പ്രസക്ത വകുപ്പുകൾ പ്രകാരം നാല് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.
പിഴ തുക ഒടുക്കാത്ത പക്ഷം എട്ട് മാസം കഠിന തടവും അനുഭവിക്കണം. പിഴ ഒടുക്കുന്ന പക്ഷം ഈ തുക അതിജീവിതക്ക് നൽകാനും വിധിയിൽ പരാമർശിച്ചിട്ടുണ്ട്. കൂടാതെ ജില്ല ലീഗൽ സർവിസസ് അതോറിറ്റി അതിജീവിതക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ജീവപര്യന്തം തടവ് ജീവിതാവസാനം വരെ ആയിരിക്കുമെന്നും വിധിയിൽ പറയുന്നു. പ്രതിക്ക് എതിരെ മറ്റ് ജില്ലകളിൽ സമാനമായ പോക്സോ കേസുകളും മലപ്പുറം ജില്ലയിലെ കാളികാവ് പോലീസ് സ്റ്റേഷനിൽ കൊലപാതക കേസും നിലവിലുണ്ട്. തെന്മല എസ്.ഐ വി.എസ്.പ്രവീൺ ആണ് കേസ് രജിസ്റ്റർ ചെയ്ത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ കെ.പി.അജിത് ഹാജരായി.