ടോക്കിയോ : ജപ്പാനിൽ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വാൻ ഇടിച്ചു കയറ്റാൻ ശ്രമിക്കുകയും ഭരണകക്ഷിയുടെ ഓഫീസിലേക്ക് പെട്രോൾ ബോംബുകൾ എറിയുകയും ചെയ്ത ആൾ അറസ്റ്റിൽ. അക്രമി എത്തിയ വാഹനത്തിനകത്ത് നിന്ന് നിരവധി പെട്രോൾ ബോംബുകളാണ് പോലീസ് കണ്ടെടുത്തത്. അക്രമത്തിൽ ആർക്കും പരിക്കില്ല എന്നാൽ പോലീസിന്റെ ചില വാഹനങ്ങൾ ആക്രമണത്തിൽ ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. ജപ്പാനിലെ ഭരണപക്ഷ പാർട്ടിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ആസ്ഥാനത്താണ് ആക്രമണം നടന്നത്. ശനിയാഴ്ച പുലർച്ചെയോടെയാണ് ആക്രമണം നടന്നത്.
ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് 500 മീറ്ററോളമാണ് അക്രമി വാഹനം ഓടിച്ച് കയറ്റിയത്. എന്നാൽ പോലീസ് പുക ബോംബ് എറിഞ്ഞതിന് പിന്നാലെ വാഹനം നിയന്ത്രണം വിട്ട് ഒരു വേലിയിലേക്ക് ഇടിച്ച് കയറി നിൽക്കുകയായികുന്നു. ഇതോടെ വാഹനത്തിന് പുറത്തിറങ്ങിയ അക്രമി ഇയാൾ എത്തിയ മിനിവാനിന് തീയിടുകയായിരുന്നു. എന്നാൽ കാറിൽ തീ കത്തിപ്പടരുന്നതിന് മുൻപായി പോലീസ് തീ നിയന്ത്രണ വിധേയമാക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ വാഹനത്തിലുണ്ടായിരുന്ന പെട്രോൾ ബോംബിന് തീ പിടിക്കാതിരുന്നതാണ് വലിയ അപകടത്തിലേക്ക് കലാശിക്കാതിരുന്നതിനും അക്രമിയെ പിടിക്കുന്നതിനും സഹായിച്ചതെന്ന് പോലീസ് പറഞ്ഞു.