ലോവ: നടക്കാനിറങ്ങിയപ്പോൾ ചെന്നുചാടിയത് പിറ്റ്ബുളുകളുടെ മുന്നിൽ കൈകാലുകൾ മുറിച്ച് മാറ്റേണ്ട അവസ്ഥയിൽ യുവതി. അമേരിക്കയിലെ ലോവയിലാണ് വെള്ളിയാഴ്ച രാവിലെ യുവതിയെ അയൽവാസിയുടെ നായകൾ കടിച്ച് കീറിയത്. യുവതിയുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസാണ് നായകളെ വെടിവെച്ചുകൊന്ന് യുവതിയെ രക്ഷിച്ചത്. ബ്രിട്നി സ്കോലാന്‍ഡ് എന്ന വനിതയ്ക്കാണ് മുഖത്തും കൈകാലുകളിലുമായി ഗുരുതര പരിക്കേറ്റത്.
തലയും മുഖവും പൂർവ്വസ്ഥിതിയിലേക്ക് എത്താന്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്. ബ്രിട്നിയുടെ ഇരുകാല്‍പാദങ്ങളും കൈകളുടെ ഭാഗങ്ങളും നായയുടെ ആക്രമണത്തിൽ നഷ്ടമായി. പ്രാദേശിക ആശുപത്രിയിലെത്തിച്ച യുവതിയെ ഉടന്‍ തന്നെ വിദഗ്ധ ചികിത്സാ സൌകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അമ്മയുടെ വീട്ടിലെ ക്രിസ്തുമസ് ട്രീ അലങ്കരിക്കാനായി എത്തിയതായിരുന്നു യുവതി. രണ്ട് കുട്ടികളാണ് ബ്രിട്നിക്കുള്ളത്. ആക്രമണ സ്വഭാവമുള്ള വളർത്തുനായകളെ അലക്ഷ്യമായി വിട്ടതിൽ അയൽവാസികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.