കോഴിക്കോട് : യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസ്സില്‍ വന്‍ കവര്‍ച്ച. യാത്രക്കാരുടെ വിലപിടിപ്പുള്ള മൊബൈല്‍ ഫോണും ലാപ്ടോപ്പുകളും പണവും ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ നഷ്ടപ്പെട്ടു.ഇരുപതോളം മലയാളികളാണ് കവര്‍ച്ചക്ക് ഇരയായത്.
കണ്ണൂരിലേക്ക് വരികയായിരുന്ന യശ്വന്ത്പൂര്‍ എക്സപ്രസ്സില്‍ ധര്‍മ്മപുരിക്കും സേലത്തിനും ഇടയിലാണ് കവര്‍ച്ച നടന്നത്. ഈ സ്റ്റേഷനുകള്‍ക്കിടയില്‍ ഒന്നരമണിക്കൂറോളം യാത്ര സമയം ഉണ്ട്. ഇതിനിടെയായിരുന്നു കവര്‍ച്ച. ഇരുപതോളം മലയാളികള്‍ കവര്‍ച്ചക്ക് ഇരയായി. ഇവരുടെ ലാപ്ടോപ്പ്, വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍, പണം എന്നിവ നഷ്ടപ്പെട്ടു. കോച്ചുകളിലാണ് കവര്‍ച്ച നടന്നത്. എ വണ്‍, ബി 5, ബി3 കോച്ചുകളില്‍ എത്തിയ മോഷ്ഠാക്കള്‍ ബാഗുകള്‍ കവര്‍ന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ കൈക്കലാക്കിയ ശേഷം ബാഗുകൾ ശുചിമുറികളിലെ മാലിന്യ കൊട്ടകളില്‍ ഉപേക്ഷിച്ചു. ശുചിമുറിയില്‍ ബാഗ് കണ്ട് സംശയം തോന്നിയ ഒരു പെണ്‍കുട്ടിയാണ് ആദ്യം കവര്‍ച്ച നടന്ന കാര്യം മറ്റ് യാത്രക്കാരെ അറിയിക്കുന്നത്.
കവര്‍ച്ചക്ക് ഇരയായവര്‍ ഈറോഡ് സ്റ്റേഷനില്‍ ഇറങ്ങി പോലീസില്‍ പരാതി നല്‍കി. പരാതി നല്‍കുന്നതിനിടെ നഷ്ടപ്പെട്ട ഫോണിലേക്ക് യാത്രക്കാര്‍ വിളിക്കുകയും ഒരാള്‍ കോള്‍ സ്വീകരിക്കുകയും ചെയ്തു. കോളിന്‍റെ മറുവശത്ത് സംസാരത്തിനിടെ റെയില്‍വേ അറിയിപ്പ് കേട്ടതായി യാത്രക്കാര്‍ പോലീസിനെ അറിയിച്ചു. കവര്‍ച്ച നടത്തിയവര്‍ ആ സമയം സേലം റെയില്‍വേ സ്റ്റേഷനിലുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമായിരുന്നു. പോലീസ് സേലത്ത് വ്യാപക തെരച്ചില്‍ നടത്തുന്നുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് ചില മോഷണങ്ങള്‍ ഈ ട്രെയിനില്‍ നടന്നിട്ടുണ്ടെങ്കിലും ഇത്ര വലിയ കവര്‍ച്ച ഇതാദ്യമാണ്.