ചാലക്കുടി: ചാലക്കുടിയില്‍ കണ്ട പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു. കണ്ണമ്പുഴ ഭഗവതി ക്ഷേത്രത്തിന്റെ പുഴയോട് ചേര്‍ന്നുള്ള പറമ്പിലാണ് കൂട് സ്ഥാപിച്ചത്. ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും പുലിയുടെ കാല്‍പ്പാടുകള്‍ നേരത്തെ കണ്ടെത്തിയിരുന്നു. രണ്ടാഴ്ച മുന്‍പ് കൊരട്ടി മാര്‍ക്കറ്റില്‍ സ്ഥാപിച്ച കൂടാണ് ചാലക്കുടിയിലേക്ക് എത്തിച്ചത്. ചാലക്കുടി ഡിഎഫ്ഒഎം വെങ്കിടേശ്വരന്‍ പരിയാരം റേഞ്ച് ഓഫിസര്‍ ജോബിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്. പട്ടണത്തിലെ ജനവാസ മേഖലയില്‍ പുലി ഇറങ്ങിയെന്നത് സ്ഥിരീകരിച്ചതോടെ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് അധികൃതര്‍.
ദേശീയപാതയില്‍ നിന്നും നൂറു മീറ്റര്‍ അകലെ അയിനിക്കാട്ടുമഠത്തില്‍ ശങ്കരനാരായണന്റെ വീട്ടിലെ സിസിടിവിയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇത് പുലിയാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം പുലി ആക്രമിക്കാന്‍ സാധ്യതയില്ലെന്ന് പറയുമ്പോഴും കൊച്ചുകുട്ടികള്‍ പുറത്തിറങ്ങരുതെന്നും രാത്രി സമയത്തെ ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.