റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വലിയകലുങ്ക് കനാല്‍പാലത്തിന് കീഴില്‍ തടികയറ്റിയെത്തിയ ചരക്കു ലോറി കുടുങ്ങി. കുടുങ്ങിയതിന് പിന്നാലെ ലോറി പാലത്തിന് അടിയിലൂടെ പുറത്തേക്ക് എടുത്തതോടെ തടി കെട്ടഴിഞ്ഞ് ലോറിയുടെ പിന്നില്‍ തൂങ്ങിയതോടെ ലോറി വശത്തേക്കു മാറ്റി. ഇന്നു രാവിലെ പത്തനംതിട്ട ഭാഗത്തു നിന്നും റാന്നി ഭാഗത്തേക്കു റബര്‍തടിയുമായി വന്ന ചരക്കു ലോറിയാണ് പാലത്തിന്‍റെ അടിയില്‍ അകപ്പെട്ടത്. അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. തടി നീര്‍പ്പാലത്തില്‍ കുടുങ്ങിതു മൂലം പാലത്തിന് കേടുപാടുകള്‍ സംഭവിച്ചു. സംസ്ഥാന പാത ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചതിന് ശേഷമാണ് ഉയരം കൂടുതലുള്ള വാഹനങ്ങള്‍ പാലത്തിന് അടിയില്‍പെടുന്നത് നിത്യ സംഭവമായത്.
പഴയ പാതയില്‍ നിന്നും രണ്ടടിയോളം ഉയര്‍ത്തിയായിരുന്നു പുതിയത് നിര്‍മ്മിച്ചത്. പരാതി വ്യാപകം ആയതോടെ പൊതുമരാമത്ത് മന്ത്രി സ്ഥലം സന്ദര്‍ശിക്കുകയും മേല്‍പ്പാലം നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അധിക തുക അനുവദിക്കാനാവില്ലെന്ന പൊതുമരാമത്ത് വകുപ്പിന്‍റെ നിലപാടില്‍ പാത പഴയപടി തുടരുകയായിരുന്നു. പാലത്തിന്‍റെ ഉയരം സൂചിപ്പിക്കുന്ന ബോര്‍ഡും സുരക്ഷയ്ക്കായി ഇരുമ്പ് പൈപ്പും ഒരു വശത്ത് സ്ഥാപിച്ചിട്ടുണ്ട്. സ്ഥാപിച്ച ശേഷവും ഇതാണ് അവസ്ഥ. മറുവശത്തും ഇതു സ്ഥാപിച്ചില്ലെങ്കില്‍ വീണ്ടും ലോറികള്‍ ഇടിച്ചു കയറാന്‍ കാരണമാവും. ഇതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.