തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ട ശേഷം സദസ്സിൽ കയറി മന്ത്രി അഹമ്മദ് ദേവർകോവിലിനെ ആലിംഗനം ചെയ്തയാൾക്കെതിരെ പോലീസ് കേസെടുത്തു. പാപ്പനംകോട് സ്വദേശി അയൂബ് ഖാനെതിരെയാണ് കേസെടുത്തത്. രാജാ രവിവർമ ആർട്ട് ഗാലറി ഉദ്ഘാടനച്ചടങ്ങിലാണ് സംഭവം. പരിപാടി തുടങ്ങും മുമ്പേ ഇദ്ദേഹം സദസ്സിലെത്തി പ്രമുഖർക്കായി റിസർവ് ചെയ്തിരുന്ന സീറ്റിൽ ഇരിപ്പുറപ്പിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥലത്തെത്തും മുമ്പ് പോലീസെത്തി ഇയാളെ പിന്നിലേക്ക് പറഞ്ഞയച്ചു. ഉദ്ഘാടനത്തിനുശേഷം മുഖ്യമന്ത്രി വേദി വിട്ടപ്പോഴായിരുന്നു മറുവശത്തുകൂടി ഇയാൾ വേദിയിലേക്ക് കയറിയത്.
ഇയാൾ മന്ത്രി അഹമ്മദ് ദേവർകോവിലിനെ ആലിംഗനം ചെയ്തു. സമീപത്തുണ്ടായിരുന്ന എം.എൽ.എ വി.കെ.പ്രശാന്തിന് ഹസ്തദാനം നൽകിയാണ് വേദിവിട്ടത്. ഇതോടെയായിരുന്നു പോലീസ് ഇടപെടൽ. മ്യൂസിയം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ, തന്നെ ഒന്നും ചെയ്യരുതെന്നും താന്‍ പാര്‍ട്ടിക്കാരനാണെന്നും ഇയാള്‍ ഉച്ചത്തില്‍ വളിച്ചു പറയുന്നുണ്ടായിരുന്നു. അയൂബ് ഖാനെ കേസെടുത്ത് ജാമ്യത്തിൽ വിട്ടതായി പോലീസ് അറിയിച്ചു. അതേസമയം പോലീസിന്‍റെ ഭാഗത്ത് സുരക്ഷ വീഴ്ചയുണ്ടായതായി ഇന്‍റലിജൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.