മുംബൈ : ആര്യൻ ഖാനെ ലഹരിമരുന്ന് കേസിൽനിന്നൊഴിവാക്കാമെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ നിർണായക തെളിവുകൾ പുറത്ത്. കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ശരിവെയ്ക്കുന്ന തെളിവുകളാണ് മുംബൈ പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചത്. ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്ലാനി കേസിലെ സാക്ഷിയായ കെ.പി ഗോസാവിയെ കാണാനെത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. മുംബൈ ലോവർ പരേലിൽവെച്ച് പൂജയും ഗോസാവിയും കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രഭാകറിന്റെ വെളിപ്പെടുത്തൽ.
ഇതനുസരിച്ച് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചിരുന്നു. ഇതിൽനിന്നാണ് ഒരുയുവതി കാറിൽവരുന്നതിന്റെയും മറ്റു കാറുകളിൽ വന്നവരുമായി സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങൾ കണ്ടെത്തിയത്. നീല മെഴ്സിഡസ് ബെൻസ് കാറിലാണ് പൂജ ദദ്ലാനി ലോവർ പരേലിൽ എത്തിയത്. രണ്ട് ഇന്നോവ കാറുകളും ഈ സമയം സ്ഥലത്തെത്തിയിരുന്നു. കാറിൽനിന്നിറങ്ങിയ പൂജ മറ്റു കാറുകളിൽ വന്ന ഗോസാവി ഉൾപ്പെടയുള്ളവരുമായി സംസാരിക്കുന്നതും പിന്നീട് എല്ലാവരും സ്വന്തം കാറുകളിൽ മടങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ കെ.പി ഗോസാവിക്കെതിരേ പോലീസ് കേസെടുത്തേക്കുമെന്നാണ് വിവരം. ഇതിന് മുന്നോടിയായി ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്ലാനിയിൽനിന്ന് മൊഴിയെടുക്കും. ദിവസങ്ങൾക്ക് മുമ്പാണ് പുണെയിൽ രജിസ്റ്റർ ചെയ്ത വഞ്ചനാക്കേസിൽ ഗോസാവിയെ പോലീസ് അറസ്റ്റ് ചെയ്തത്.
അതിനിടെ ഗോസാവി – പൂജ കൂടിക്കാഴ്ചയ്ക്ക് ഇടനിലക്കാരനായിനിന്ന സാം ഡിസൂസയും കഴിഞ്ഞദിവസം ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ആര്യനെ കേസിൽനിന്നൊഴിവാക്കാമെന്ന് പറഞ്ഞ് ഷാരൂഖിന്റെ മാനേജറിൽനിന്ന് ഗോസാവി 50 ലക്ഷം രൂപ വാങ്ങിയെന്നും താൻ മുൻകൈയെടുത്ത് ഈ പണം തിരികെനൽകിയെന്നുമായിരുന്നു ഡിസൂസയുടെ വെളിപ്പെടുത്തൽ. ഗോസാവി പറ്റിക്കുകയാണെന്ന് മനസിലാക്കിയതോടെയാണ് പണം തിരികെനൽകാൻ പറഞ്ഞതെന്നും ഇടപാടിൽ എൻ.സി.ബി. ഉദ്യോഗസ്ഥനായ സമീർ വാംഖഡെയ്ക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സമീർ വാംഖഡെയുമായി ബന്ധമുണ്ടെന്ന വ്യാജേന ഗോസാവി പണം തട്ടാൻ ശ്രമിച്ചതാണെന്നും ഡിസൂസ ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു.
നേരത്തെ കേസിലെ സാക്ഷികളിലൊരാളായ പ്രഭാകർ സെയിൽ ഉന്നയിച്ച ആരോപണങ്ങളിൽ സാം ഡിസൂസയുടെ പേരും ഉൾപ്പെട്ടിരുന്നു. ആര്യനെ കേസിൽനിന്നൊഴിവാക്കാൻ സാം ഡിസൂസയും കെ.പി ഗോസാവിയും തമ്മിൽ 25 കോടിയുടെ ഡീൽ നടന്നതായും ഇതിൽ എട്ട് കോടി സമീർ വാംഖഡെയ്ക്കാണെന്ന് താൻ കേട്ടിരുന്നതായും പ്രഭാകർ സെയിൽ പറഞ്ഞിരുന്നു. പ്രഭാകറിന്റെ ഈ ആരോപണങ്ങൾ വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നത്. കൈക്കൂലി ആരോപണം ഉയർന്നതോടെ സമീർ വാംഖഡെയ്ക്കെതിരേ വിജിലൻസ് അന്വേഷണവും ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗോസാവിയുമായി പണമിടപാട് നടത്തിയെന്ന് ആരോപിച്ചിരുന്ന സാം ഡിസൂസ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.