പാലക്കാട്: പാലക്കാട് മുതലമടയിൽ ബന്ധുക്കളായ 10-ാം ക്ലാസ് വിദ്യാർത്ഥിനിയെയും യുവാവിനെയും രണ്ടു സ്ഥലങ്ങളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുതലമട കൊട്ടപ്പള്ളം തെക്കേ പത്തിചിറയിൽ അയ്യപ്പന്‍റെയും കല്യാണിയുടെയും മകൾ അർച്ചനയെയും മുതലമട കൊട്ടപ്പള്ളം ഗിരീഷിനേയുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുതലമട ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയണ് അർച്ചന. അർച്ചനയുടെ അമ്മാവന്‍റെ മകനാണ് 22കാരൻ ഗിരീഷ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. അർച്ചനയെ വീടിന്‍റെ ഹാളിനുളളിലും ഗിരീഷിനെ ചുള്ളിയാർ ഡാം മിനുക്കുമ്പാറയിലെ സ്വകാര്യ പറമ്പിലുമാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഇന്ന് വൈകിട്ട് അഞ്ചോടെ പണി കഴിഞ്ഞെത്തിയ അമ്മ കല്യാണിയാണ് അർച്ചനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. രാവിലെ മകൾ ധരിച്ചിരുന്ന വസ്ത്രമല്ല തൂങ്ങി നിൽക്കുമ്പോൾ എന്നാണ് കല്യാണിയുടെ മൊഴി.
സംഭവ സമയത്ത് അർച്ചനയുടെ അച്ഛന്‍റെ അമ്മ ലക്ഷ്മി വീടിന് പിറകിലുണ്ടായിരുന്നെങ്കിലും അവർക്ക് കാഴ്ചയ്ക്കും കേൾവിയ്ക്കും തകരാർ ഉണ്ടായിരുന്നതിനാൽ ഒന്നും അറിഞ്ഞില്ല. ഗിരീഷിന്‍റെ അമ്മ പുഷ്പാമണി മറ്റൊരു സ്ഥലത്താണ് ജോലിയെടുക്കുന്നത്. 22കാരനായ ഗിരീഷ് സഹോദരി ഗ്രീഷ്മയുടെ മിനുക്കുമ്പാറയിലെ വീട്ടിലാണ് താമസിക്കുന്നത്. മാവിൻ തോട്ടത്തിലാണ് ഗിരീഷിന് ജോലി. അർച്ചനയുടെ മരണം ആത്മഹത്യ തന്നെയെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ ഇരു ആത്മഹത്യയുടെയും കാരണം വ്യക്തമല്ല. കൊല്ലങ്കോട് ഇൻസ്പെക്ടർ സി.കെ.രാജേഷ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും.