തിരുവനന്തപുരം : ബൈക്ക് അപകടത്തില്‍ മരിച്ച വിഴിഞ്ഞം തീരദേശ സ്റ്റേഷനിലെ കോസ്റ്റല്‍ വാര്‍ഡന് സഹപ്രവര്‍ത്തകരും സേനാ വിഭാഗങ്ങളും നാട്ടുകാരും വികാരനിര്‍ഭരമായ അന്തിമോപചാരമര്‍പ്പിച്ചു. വിഴിഞ്ഞം കോട്ടപ്പുറം കോളനിയില്‍ ആരോഗ്യത്തിന്റെയും പൊന്നമ്മയുടെയും മകനും കോസ്റ്റല്‍ വാര്‍ഡനുമായ ഡയോണി (25 )നാണ് നാട്ടുകാരും സഹപ്രവര്‍ത്തകരുമടങ്ങുന്ന വന്‍ ജനാവലി വികാരനിര്‍ഭരമായ യാത്രാമൊഴി നല്‍കിയത്. ബുധനാഴ്ച രാത്രി തുമ്പ പൗണ്ട് കടവിന് സമീപത്ത് കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഡയോണ്‍ മരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചക്ക് ഒന്നരയോടെ മൃതദേഹം വിഴിഞ്ഞം തീരദേശ പോലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ എത്തിച്ചു. ഒരു മണിക്കൂറോളം നീണ്ടു നിന്ന പൊതുദര്‍ശനത്തില്‍, തീര സംരക്ഷണ സേന, വിഴിഞ്ഞം, പൂവാര്‍, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലെ തീരദേശ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഫിഷറീസ്, വിഴിഞ്ഞം പോലീസ്, നാട്ടുകാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. കോസ്റ്റല്‍ എ.ഐ.ജി, പോലീസ് കമ്മിഷണര്‍ എന്നിവര്‍ക്കു വേണ്ടിയും റീത്തുകള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് വിലാപ യാത്രയായി വീട്ടില്‍ എത്തിച്ച മൃതദേഹം ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ വിഴിഞ്ഞം സിന്ധുയാത്ര മാതാ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
പുതുക്കുറിച്ചിയില്‍ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയില്‍ ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം നടന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പരുക്കുകളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വര്‍ഷങ്ങളായി കടല്‍ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ഡയോണ്‍ ചൊവ്വാഴ്ച രാത്രി വരെയും ജോലിയില്‍ വ്യാപൃതനായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ബുധനാഴ്ച അവധിയെടുത്ത് വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയില്‍ വിധി തട്ടിയെടുക്കുകയായിരുന്നു. ഡാനിയേല്‍, ഡാര്‍വിന്‍, ഡെന്‍സണ്‍ എന്നിവര്‍ സഹോദരങ്ങളാണ്.