പത്തനംതിട്ട : ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമം വികസന പദ്ധതിയുടെ ആലോചന യോഗം പ്രസിഡന്റ് ജെ ഇന്ദിരാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പട്ടികജാതി നഗറായ ഇലന്തൂര്‍ സുബ്രഹ്‌മണ്യ വിലാസത്തില്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തിലാണ് സുബ്രഹ്‌മണ്യ വിലാസ നഗറിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. വീടിന് സംരക്ഷണ ഭിത്തി, ഭവന പുനരുദ്ധാരണം, സോളാര്‍ തെരുവ് വിളക്ക്, റോഡ് കൈവരി തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനം നടത്തും.
ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ് ചുമതല. പട്ടികജാതി നഗറുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. പട്ടികജാതി വികസന ഓഫീസര്‍ ആനന്ദ് എസ്. വിജയ് പദ്ധതി വിശദീകരണം നടത്തി. നഗറില്‍ നിന്ന് നാലു പ്രതിനിധികളെ ഉള്‍പ്പെടുത്തി പദ്ധതി മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ആതിര ജയന്‍, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയര്‍ അമൃത വര്‍മ്മ, ജില്ലാ നിര്‍മ്മിതി കേന്ദ്രം അസിസ്റ്റന്റ് എഞ്ചിനിയര്‍ അജിത എന്നിവര്‍ പങ്കെടുത്തു.