തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിനുള്ളിൽ അറ്റകുറ്റപ്പണിക്കിടെ ഇരുമ്പു വടം പൊട്ടി ഹൈമാസ്റ്റ് ലൈറ്റ് പതിച്ച് കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം. 3 പേർക്ക് പരുക്ക്. 2 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ. വേളി ഓൾ സെയിന്റ്സ് കോളജിനു സമീപം ഈന്തിവിളാകത്ത് ‘ദിവ്യോദയ’ത്തിൽ കെ.വി.അനിൽകുമാറാണ് (50) മരിച്ചത്. ബിഡിജെഎസ് ജില്ലാ സെക്രട്ടറിയാണ് അനിൽകുമാർ.
യാത്രക്കാർ കടന്നുപോകുന്ന ഭാഗമല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. വിമാനത്താവളത്തിലെ എൻജിനീയറിങ് ജോലികളുടെ കരാർ ചുമതലയുള്ള യുഡിഎസ് കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപെട്ടത്. ഇന്നലെ രാവിലെ പത്തേകാലോടെ വിമാനങ്ങൾ പാർക്കുചെയ്യുന്ന ഭാഗത്ത് ഹൈമാസ്റ്റ് ലൈറ്റിന്റെ അറ്റകുറ്റപ്പണിക്കിടെയായിരുന്നു അപകടം. ലൈറ്റ് അഴിച്ച ശേഷം താഴേക്ക് ഇറക്കുന്നതിനിടെ ഇരുമ്പുവടം പൊട്ടി താഴെ നിന്ന തൊഴിലാളികളുടെ മുകളിൽ പതിക്കുകയായിരുന്നു. ഹൈമാസ്റ്റ് ലൈറ്റിന്റെ പാനൽ തലയിൽ പതിച്ച അനിൽകുമാർ തൽക്ഷണം മരിച്ചു.
ഒപ്പമുണ്ടായിരുന്ന നോബിൾ, രഞ്ജിത്, കമറുദ്ദീൻ എന്നിവർക്കു പരുക്കേറ്റു. നോബിളും രഞ്ജിത്തും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. താടിയെല്ലിനു പരുക്കേറ്റ കമറുദ്ദീനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. അപകടമുണ്ടായ ഉടൻ വിമാനത്താവളത്തിലെ ആംബുലൻസിൽ നാലു പേരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. 6 മാസം മുൻപാണ് അനിൽകുമാർ കമ്പനിയിലെത്തിയത്.
ഭാര്യ: നിഷ. മക്കൾ ദിവ്യ (ബിഎസ്‍സി നഴ്സിങ് വിദ്യാർഥിനി, മാർത്താണ്ഡം), ദയ (9–ാം ക്ലാസ് വിദ്യാർഥിനി, കോട്ടൺഹിൽ ഗവ.ജിഎച്ച്എസ്എസ്). അനിൽകുമാറിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് 2 ന് മുട്ടത്തറ എസ്എൻഡിപി ശ്മശാനത്തിൽ സംസ്കരിക്കും. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി വലിയതുറ പോലീസ് അറിയിച്ചു.