കോന്നി : കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന ജനദ്രോഹ നടപടികൾക്കെതിരെ പ്രതികരിക്കുവാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്ന് എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് എ ദീപകുമാർ പറഞ്ഞു. എ ഐ വൈ എഫ് കോന്നി മണ്ഡലം സമ്മേളത്തിന്റെ ഭാഗമായി നടന്ന ഭരണഘടന സംരക്ഷണ സദസ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഒരു മതേതര ഗവൺമെന്റ് ഉണ്ടാകണം. രാഷ്ട്രീയ തർക്കങ്ങൾ രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് എതിരാകരുത്. ലോകം ഏറ്റവും കൂടുതൽ ഇഷ്ടപെടുന്നയാളായിരുന്നു മഹാത്മ ഗാന്ധി. മതേതര രാജ്യമായി ഇന്ത്യയെ മാറ്റാൻ പരിശ്രമിച്ച ആളായിരുന്നു അദ്ദേഹം. സവർക്കറിന്റെ ചിന്തകൾ രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് എതിരായിരുന്നു. ലോകരാജ്യങ്ങൾ പോലും നമ്മുടെ രാജ്യത്തെ തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കുകയാണ്. ഇന്ത്യ ഒരു മതാതിഷ്ഠിത രാജ്യമായിരുന്നുവെങ്കിൽ ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടക്കില്ലായിരുന്നു . പൗരത്വ ഭേതഗതി നിയമത്തിൽ മുസ്ലീം മത വിഭാഗത്തെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നോട്ട് നിരോധനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേരളം ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്. നമ്മൾ അധികാര രാഷട്രീയത്തിന് വേണ്ടി നിലകൊള്ളുന്നവരല്ല. ഈ രാജ്യത്ത് ഒരു മതേതര ഗവൺമെന്റ് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
എ ഐ വൈ എഫ് കോന്നി മണ്ഡലം പ്രസിഡന്റ് സുഭാഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എ ഐ പി എസ് ഒ ദേശീയ കൗൺസിലംഗം ശ്രീനാ ദേവി മുഖ്യ പ്രഭാഷണം നടത്തി. സി പി ഐ കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ രാജേഷ്, എ ഐ വൈ എഫ് ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് കൊല്ലൻപടി, സി പി ഐ ജില്ലാ കൗൺസിലംഗം അഡ്വ കെ എൻ സത്യാനന്ദപ്പണിക്കർ, എ ഐ വൈ എഫ് കോന്നി മണ്ഡലം സെക്രട്ടറി ഹനീഷ് കോന്നി, എ ഐ വൈ എഫ് ജില്ലാ കമ്മറ്റിയംഗങ്ങളായ അജിത് എസ്, വി കെ പ്രമോൻ, സംഘാടക സമിതി ചെയർമാൻ വിനീത് കോന്നി, എ ഐ എസ് കോന്നി മണ്ഡലം സെക്രട്ടറി ആദർശ് എസ് തുടങ്ങിയവർ പ്രസംഗിച്ചു.