കണ്ണൂർ: ഉദയഗിരിയിൽ ഭിന്നശേഷിക്കാരനെ സഹോദരി പുത്രൻ അടിച്ചുകൊന്നു. ഉദയഗിരി സ്വദേശി ദേവസ്യ ആണ് കൊല്ലപ്പെട്ടത്. ഇരു കാലുകൾക്കും സ്വാധീനമില്ലാത്തയാളാണ് ദേവസ്യ. കൊലപാതകത്തിൽ സഹോദരി പുത്രൻ ഷൈൻ അറസ്റ്റിലായി. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് സംഭവം. കുടുംബവഴക്കാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു വിവരം. കോടാലി കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം തലയിൽ കല്ലുകൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി ഷൈനും ദേവസ്യയുടെ വീട്ടുകാരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ ക്രൂരമായ കൊലപാതകം നടന്നത്.
കൊല്ലപ്പെട്ട ദേവസ്യയും സഹോദരൻ തോമസുകുട്ടിയും ഭിന്നശേഷിക്കാരാണ്. ഇവരുടെ സഹോദരിയാണു രണ്ടുപേരെയും നോക്കുന്നത്. സഹോദരിയുടെ പുത്രനാണ് ഷൈൻ. സംഭവത്തിനു പിന്നാലെ നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി. ഈ സമയത്ത് ഷൈൻ വീട്ടിൽ തന്നെയുണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ദേവസ്യയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റിയിട്ടുണ്ട്.