തിരുവനന്തപുരം : കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടറുടെ വ്യാഴാഴ്ചത്തെ പരിശോധനാഫലം നെഗറ്റീവ്. ഇതോടെ രണ്ടു ദിവസമായി ആശുപത്രിയിലെ രോഗികളും ബന്ധുക്കളും അനുഭവിച്ചിരുന്ന മാനസിക പിരിമുറുക്കത്തിന് അയവ് വന്നു. സ്‌പെയിനില്‍ പഠനത്തിന് പോയിവന്ന ഡോക്ടര്‍ക്കായിരുന്നു കൊറോണ രോഗമുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞത്. മടങ്ങിവന്ന ഡോക്ടര്‍ ആശുപത്രിയില്‍ എത്തുകയും അവിടെയുണ്ടായിരുന്ന മറ്റു ജീവനക്കാരുമായും അടുത്തിടപഴകുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് ഡോക്ടറുമായി ബന്ധപ്പെട്ട 110 ജീവനക്കാരെ നിരീക്ഷണവിധേയമാക്കുകയും നിരവധി ഡോക്ടര്‍മാര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഡോക്ടറുടെ പരിശോധനാഫലം നെഗറ്റീവെന്ന് തെളിഞ്ഞത്. അദ്ദേഹവുമായി അടുത്തിടപഴകിയവരുടെ പരിശോധനാഫലവും നെഗറ്റീവാണ്. കേന്ദ്ര സഹമന്ത്രി കെ. മുരളീധരന് നല്‍കിയ സ്വീകരണച്ചടങ്ങില്‍ ഡോക്ടര്‍ പങ്കെടുത്തിരുന്നു. ഇതോടെ മുരളീധരനും സ്വയം നിരീക്ഷണ വിധേയമായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും സ്വമേധയാ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ആശുപത്രി അധികൃതരോട് കേന്ദ്ര സഹമന്ത്രിയുടെ ഓഫീസ് വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. ഡോക്ടര്‍ കൂടുതല്‍ ജീവനക്കാരുമായി അടുത്തിടപഴകിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച ആശുപത്രിയില്‍ ആഭ്യന്തര പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് ആശ്വാസമായി പരിശോധനാഫലം പുറത്തുവന്നത്. വര്‍ക്കലയില്‍ രോഗം സ്ഥിരീകരിച്ച വിദേശ വിനോദ സഞ്ചാരിയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അദ്ദേഹവുമായി ഇടപഴകിയ 30 ഓളം പേരുടെയും ഫലം നെഗറ്റീവായിരുന്നു. അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറുടെയും ആശുപത്രിയിലെ മറ്റു ജീവനക്കാരുടെയും പരിശോധനാഫലം പുറത്തു വരാനുണ്ട്.