കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോന്നി ചൈനാമുക്കിൽ ഇളക്കി മാറ്റിയ പൈപ്പ് പൊട്ടി കടകളിലേക്ക് വെള്ളം ഇരച്ചുകയറി. രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം. ചൈനാമുക്കിൽ ചേരിമുക്ക് ഭാഗത്തേക്ക് തിരിയുന്ന റോഡിന്റെ വളവിൽ ആണ് കഴിഞ്ഞ ദിവസം വാട്ടർ അതോറിട്ടി അധികൃതർ പൈപ്പ് ലൈൻ ഇളക്കി സ്ഥാപിച്ചത്.
പൈപ്പ് ലൈൻ ഇളക്കി എങ്കിലും ഇത് പൂർണ്ണമായി തകരാർ പരിഹരിക്കുകയോ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി എടുത്ത കുഴി മൂടുകയോ ചെയ്തിരുന്നില്ല. തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ വാട്ടർ അതോറിട്ടി ഈ ഭാഗത്തേക്ക് ഉള്ള വെള്ളം തുറന്ന് വിടുകയും ഇവിടെ സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പ് ബന്ധിപ്പിച്ചിരുന്ന ഭാഗം പൊട്ടി വെള്ളം കടകളിലേക്ക് ഇരച്ചുകയറുകയായിരുന്നു.
അപ്രതീക്ഷിതമായി വെള്ളം ഒരാൾ പൊക്കത്തിൽ തെറിച്ച് കടകളിലേക്കും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കും തെറിച്ചതോടെ വ്യാപാരികളും യാത്രക്കാരും പ്രതിസന്ധിയിൽ ആയി. സമീപത്തെ ബേക്കറി, ഡി റ്റി പി സെന്ററിലേക്കും ലോട്ടറി കടയിലേക്കും അടക്കമാണ് വെള്ളം കയറിയത്. കടക്കുള്ളിലെ കമ്പ്യൂട്ടറുകൾ നനയുന്നതിന് മുൻപേ ജീവനക്കാർ ഇവ മാറ്റിയതിനാൽ വലിയ നഷ്ട്ടം സംഭവിച്ചില്ല. സംഭവത്തിൽ നിരവധി ആളുകളുടെ വസ്ത്രങ്ങൾ നനയുകയും ചെയ്തു.
ഏകദേശം അഞ്ച് മിനിറ്റിൽ കൂടുതൽ വെള്ളം കടകളിലേക്ക് തെറിച്ചിട്ടും പ്രശ്‍നം പരിഹരിക്കാൻ അധികൃതർ തയ്യാറായില്ല. പിന്നീട് പൈപ്പിൽ നിന്നും തെറിക്കുന്ന വെള്ളത്തിന്റെ ശക്തി കുറഞ്ഞപ്പോൾ നാട്ടുകാർ തന്നെ സമീപത്ത് വെച്ചിരുന്ന ഇരുമ്പ് ബോർഡ് വെച്ച് വെള്ളം തെറിക്കുന്ന ഭാഗം മറക്കുകയായിരുന്നു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപെട്ട് കോന്നി നഗരത്തിൽ നിരവധി സ്ഥലങ്ങളിൽ പൊളിച്ചിട്ടിരിക്കുന്ന പൈപ്പ് ലൈനുകൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടെന്ന് നാട്ടുകാർ പറയുന്നു. പൈപ്സ്ഥാപിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്നത് കോന്നിയിലെ വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കോന്നിയിലെ പല വ്യാപാര സ്ഥാപനങ്ങളിലും കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയും നിലവിലുണ്ട്.