കൊച്ചി: വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ നിറയുന്നത് വ്യാജ ദത്ത് വിവാദം തന്നെ. കേസിലെ ഒന്നാം പ്രതി അനില്‍കുമാര്‍ അറസ്റ്റിലായതോടെ കേസിലെ യഥാര്‍ത്ഥ വസ്തുതകളാണ് പുറത്തു വരുന്നത്. കളമശേരി മെഡിക്കല്‍ കോളേജില്‍ ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റാണ് വ്യാജമായി ഉണ്ടാക്കാന്‍ ശ്രമിച്ചത്. അവിവാഹിതയായ അമ്മയാണ് കുട്ടിയെ പ്രസവിച്ചതെന്നും വ്യക്തം. ആലുവയില്‍ വാടകയ്ക്ക് താമസിച്ച യുവതിയാണ് യഥാര്‍ത്ഥ അമ്മ. അനില്‍കുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വസ്തുതകളുള്ളത്.
ഒരാഴ്ച ആശുപത്രിയില്‍ കിടന്ന ശേഷമാണ് അമ്മയെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഈ സമയം കുട്ടിയെ കൂടെ താമസിപ്പിക്കാന്‍ അമ്മയ്ക്കും കുട്ടിയുടെ അച്ഛനും കഴിയില്ലായിരുന്നു. ഈ സാഹചര്യം മനസ്സിലാക്കി കുട്ടിയെ തൃപ്പുണ്ണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി. അവര്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ തിരുത്താനാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൂപ്രണ്ടിന്റെ ഓഫീസിലെ ജീവനക്കാരനായ അനില്‍കുമാറിനെ സമീപിക്കുന്നത്. ഇത് നടക്കാതെ വന്നപ്പോഴാണ് പുതിയ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ നീക്കം തുടങ്ങിയത്. സ്വാധീനം ഉപയോഗിച്ച് അത് നടപ്പാക്കുകയും ചെയ്തു. പക്ഷേ ചെറിയ സംശയം വിരല്‍ ചൂണ്ടിയത് വലിയ അഴിമതിയിലേക്കും ഞെട്ടിക്കുന്ന വിവരങ്ങളിലേക്കുമാണ്.
ലേബര്‍ റൂമില്‍ നിന്നും ജനന രജിസ്‌ട്രേഷന്‍ ഫോം കൈക്കലാക്കി തൃപ്പുണ്ണിത്തുറയിലെ യുവതി പ്രസവിച്ചുവെന്ന് വരുത്താനായിരുന്നു നീക്കം. രജിസ്‌ട്രേഷന്‍ ഫോമില്‍ തൃപ്പുണ്ണിത്തുറയിലെ വളര്‍ത്തച്ഛന്റെ ഒപ്പു വാങ്ങി ഓണ്‍ലൈനായി പ്രസവം രജിസ്റ്റര്‍ ചെയ്തു. എല്ലാം ക്രമപ്രകാരം ചെയ്ത ശേഷം ആശുപത്രി റിക്കോര്‍ഡ്‌സ് വിഭാഗത്തിന് രേഖകള്‍ കൈമാറി. പ്രസവ നമ്പറിനൊപ്പം ഉപ നമ്പര്‍ കടന്നു വന്നതോടെ സംശയം തോന്നി. ലേബര്‍ റൂമിലെ നേഴ്‌സിന്റെ പിഴവായി ഇതിനെ മാറ്റാന്‍ അനില്‍കുമാര്‍ ശ്രമിച്ചു. എന്നാല്‍ അന്വേഷണത്തില്‍ ഇത് തെറ്റാണെന്ന് തെളിഞ്ഞു. തൃപ്പുണ്ണിത്തുറയിലെ യുവതി ലേബര്‍ റൂമില്‍ പ്രസവിച്ചിട്ടില്ലെന്ന് തെളിഞ്ഞു. ഇതോടെയാണ് പോലീസിലേക്ക് പരാതി എത്തുന്നത്.
എറണാകുളം മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ മുഖ്യപ്രതി അഡ്‌മിനിസിട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാര്‍ അറസ്റ്റിലായതാണ് കേസില്‍ നിര്‍ണ്ണായകമായത്. മധുരയിലെ ഒളിതാവളത്തില്‍ നിന്നാണ് കളമശേരി പോലീസ് അനില്‍കുമാറിനെ പിടികൂടിയത്. ജനന സര്‍ട്ടിഫിക്കറ്റിനായി തൃപ്പൂണിത്തുറയിലെ മാതാപിതാക്കളില്‍ നിന്ന് പലപ്പോഴായി പണം കൈപ്പറ്റിയെന്ന് പോലീസിനോട് അനില്‍കുമാര്‍ സമ്മതിച്ചു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കില്ലെന്ന് മൊഴി നല്‍കിയ അനില്‍കുമാര്‍ ജാമ്യം ലഭിച്ച ശേഷം എല്ലാ തുറന്നുപറയുമെന്നും പ്രതികരിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അനില്‍കുമാറിനെ റിമാന്‍ഡ് ചെയ്തു.
പ്രതിയെ തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മിഷണറുടെ ഓഫീസില്‍ എത്തിച്ച ചോദ്യം ചെയ്തിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷമാണ് കളമശ്ശേരിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ജനന മരണ രജിസ്‌ട്രേഷന്‍ കിയോസ്‌ക് എക്‌സിക്യുട്ടീവ് രഹനയെ സ്വാധീനിച്ച് അനില്‍കുമാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതാണ് കേസ്. സംഭവം പുറത്തായതോടെ മെഡിക്കല്‍ കോളേജ് അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായിരുന്ന അനില്‍കുമാറിനെ മെഡിക്കല്‍ കോളേജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രഹനയോട് ജോലിക്ക് ഹാജരാകേണ്ടെന്ന് കളമശ്ശേരി നഗരസഭയും നിര്‍ദ്ദേശിച്ചു.
രഹനയുടെ പരാതിയിലാണ് കളമശ്ശേരി പോലീസ് കേസെടുത്തത്. അതോടെ അനില്‍കുമാര്‍ ഒളിവില്‍ പോയി. പിന്നീട് രഹനയെയും പ്രതിയാക്കി. ഇതോടെ രഹനയും ഒളിവില്‍ പോയി. സംഭവം വിവാദമായതോടെ തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ കേസന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിച്ചു. കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കളുമായി അനില്‍കുമാറിന് ബന്ധമുണ്ടോ, തൃപ്പൂണിത്തുറയിലെ ദമ്പതിമാര്‍ക്ക് കുട്ടിയെ കൈമാറിയതില്‍ ഇയാള്‍ ഏതെങ്കിലും തരത്തില്‍ ഇടപെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ചുമതലപ്പെടുത്തിയ മൂന്നംഗ സംഘം മെഡിക്കല്‍ കോളേജില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ അനില്‍കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.