കൊച്ചി: കള്ളനോട്ട് കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് ഐപിഎസ് കിട്ടാന്‍ വേണ്ടി കുറ്റമെല്ലാം എസ്‌ഐയുടെ തലയില്‍ വെച്ചു കെട്ടി. അച്ചടക്ക നടപടി വേണമെന്ന് എസ്സ്.പി. കള്ളനോട്ട് കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്‌ഐ, എസ്‌എച്ച്‌ഓ, ഡിവൈ.എസ്‌പി എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ശിപാര്‍ശ ചെയ്തു കൊണ്ടുള്ള റിപ്പോര്‍ട്ട് പൂഴ്‌ത്തിയെന്ന് ആരോപണം.
സംഭവം നടക്കുമ്പോള്‍ ഡിവൈ.എസ്‌പിയും ഇപ്പോള്‍ ക്രൈംബ്രാഞ്ച് എസ്‌പിയുമായ ഉദ്യോഗസ്ഥനെ സഹായിക്കാന്‍ വേണ്ടി കുറ്റമെല്ലാം എസ്‌ഐയുടെ തലയില്‍ കെട്ടി വെച്ചുവെന്നാണ് ആക്ഷേപം. അതിനിടെ ക്ലീന്‍ ചിറ്റുള്ള തന്നെ കേരള കേഡര്‍ ഐ.പി.എസ് സെലക്‌ട് ലിസ്റ്റില്‍ പരിഗണിക്കണമെന്ന് കാട്ടി ഉദ്യോഗസ്ഥന്‍ സെന്‍ട്രല്‍ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ (ക്യാറ്റ്) ഹര്‍ജി നല്‍കുകയും ചെയ്തു. ഇനി നിയമ പോരാട്ടമാകും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകുക.
തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്‌പിയായ പി.സി. സജീവന് ഐ.പി.എസില്‍ അവസരമൊരുക്കുന്നതിന് വേണ്ടിയാണ് കീഴുദ്യോഗസ്ഥനായിരുന്ന എസ്‌ഐയെ മാത്രം ബലിയാടാക്കുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ ഇത് സജീവന്‍ നിഷേധിക്കുകായണ്. ഈ സാഹചര്യത്തിലാണ് ക്യാറ്റില്‍ നിയമ പോരാട്ടത്തിന് എത്തുന്നത്. 2017 നവംബറില്‍ കൊടുവള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കള്ളനോട്ട് കേസിന്റെ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് വീഴ്ച കണ്ടെത്തിയത്. എസ്‌ഐ കെ. പ്രജീഷ്, എസ്.എച്ച്.ഓ എന്‍. ബിശ്വാസ്, താമരശേരി ഡിവൈ.എസ്‌പിയായിരുന്ന പി.സി. സജീവന്‍ എന്നിവര്‍ക്കെതിരേ അച്ചടക്ക നടപടിക്ക് ശിപാര്‍ശ ചെയ്തു കൊണ്ട് 2021 നവംബര്‍ 30 ന് കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്‌പി വി.ഡി. വിജയനാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് അന്വേഷണത്തില്‍ എസ്‌ഐ പ്രജീഷിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായി എന്ന് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന എസ്.എച്ച്.ഓ, താമരശേരി ഡിവൈ.എസ്‌പിയുടെ എന്നിവരുടെ ഭാഗത്തു നിന്നുമുണ്ടായ വീഴ്ചകള്‍ അക്കമിട്ടു പരാര്‍മശിക്കുന്നതിങ്ങനെ:
1. പോലീസ് മാന്വലിന്റെ രണ്ടാം വാല്യം 14-ാം ചാപ്റ്ററില്‍ റൂള്‍ നമ്പര്‍ 387 അനുസരിച്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ജോലി പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകള്‍ വരുത്തുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വേണമെന്ന് പറയുന്നു. അയാളില്‍ നിന്ന് കിട്ടുന്ന മറുപടികള്‍ താമസം വിനാ കേള്‍ക്കണം. താന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണോ അയാള്‍ പ്രവര്‍ത്തിച്ചതെന്ന് ശ്രദ്ധിക്കുകയും വേണം. റൂള്‍ നമ്ബര്‍ 383(1) ആന്‍ഡ് 383(2) അനുസരിച്ച് സബ്ഡിവിഷണല്‍ ഓഫീസര്‍ (ഡിവൈ.എസ്‌പി) കേസ് ഡയറി വിശദമായി പരിശോധിച്ച് അത്യാവശ്യം ഉത്തരവുകളും നിര്‍ദ്ദേശങ്ങളും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുഖേനെ അന്വേഷണ ഉദ്യോഗസ്ഥനെ ധരിപ്പിക്കണം. മൂവരും തമ്മില്‍ ആശയവിനിയമനം ഉണ്ടായിട്ടില്ല. ഇവിടെ അന്വേഷണ ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
2. പോലീസ് ആസ്ഥാനത്തു നിന്നുള്ള 45/94 സര്‍ക്കുലര്‍ അനുസരിച്ച് സബ് ഡിവിഷണല്‍ ഓഫീസറും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും നിശ്ചിത ഇടവേളകളില്‍ കേസ് അന്വേഷണം നടക്കുന്ന പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തണം. വേണ്ട നിര്‍ദ്ദേശങ്ങളും ഉത്തരവുകളും നല്‍കണം.
ലോക്കല്‍ പോലീസ് കേസ് അന്വേഷിച്ചപ്പോള്‍ എസ്‌ഐയും മേല്‍നോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥരായ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഡിവൈ.എസ്‌പിയും വരുത്തിയ വീഴ്ചകള്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ടായി ക്രൈംബ്രാഞ്ച് എസ്‌പി സമര്‍പ്പിച്ചിരുന്നു. കേസില്‍ കൃത്യമായ അന്വേഷണം നടക്കാതിരുന്നത് കാരണം കോടതിയില്‍ പോലീസിന് ഉദ്ദേശിച്ച രീതിയില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്ന് ഉദ്യോഗസ്ഥരും വരുത്തിയ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞു കൊണ്ടുള്ള ഈ റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് അയച്ചത്.
എന്നാല്‍, പിന്നീട് സംഭവിച്ചത് വിചിത്രമാണ്. എസ്‌ഐക്കെതിരേ മാത്രം അന്വേഷണം നടത്താന്‍ എഡിജിപി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അഞ്ചിന് ഡിജിപിക്ക് ശിപാര്‍ശ ചെയ്യുകയായിരുന്നു. ഈ കേസില്‍ കുറ്റകരമായ അനാസ്ഥ കാണിച്ചുവെന്ന് അക്കമിട്ട് പരാമര്‍ശിച്ചിരിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറെയും ഡിവൈ.എസ്‌പിയെയുമാണ് ഒരു എസ്‌ഐയെ ബലിയാടാക്കി സംരക്ഷിച്ചിരിക്കുന്നത്.
കൊടുവള്ളി കള്ളനോട്ട് കേസും വീഴ്ച വന്നതും ഇങ്ങനെ:
2017 നവംബര്‍ മൂന്നിന് ഉച്ചയ്ക്ക് 12.30 ന് എലിറ്റില്‍ വട്ടോളിയിലെ പെട്രോളിയം ഔട്ട്ലെറ്റിലെ ജീവനക്കാര്‍ 500 രൂപയുടെ കള്ളനോട്ടുമായി ഒരാളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. പിറ്റേന്ന് വൈകിട്ട് 51.0 ന് ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ 500 രൂപയുടെ 10 കള്ളനോട്ടുകള്‍ കുടി കണ്ടെത്തി. ഇതിന് ശേഷം 6.45 നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അപ്പോഴേക്കും പ്രതിയെ കസ്റ്റഡിയില്‍ എടുത്തിട്ട് 29 മണിക്കൂര്‍ ആയിരുന്നു. ആകെ 31,40,000 രൂപയുടെ കള്ളനോട്ടാണ് പിടിച്ചെടുത്തത്.
ഈ കേസില്‍ നവംബര്‍ അഞ്ചു മുതല്‍ ഡിസംബര്‍ 31 വരെ കൊടുവള്ളി എസ്‌എച്ച്‌ഓ ആയിരുന്ന ബസന്ത് ഫയല്‍ പരിശോധിച്ചതായോ വിജയകരമായ തുടരന്വേഷണത്തിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായോ സി.ഡി. ഫയല്‍ പരിശോധിച്ചതില്‍ കാണുന്നില്ലെന്ന് ക്രൈംബ്രാഞ്ച് എസ്‌പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. അന്നത്തെ താമരശേരി ഡിവൈ.എസ്‌പി സജീവനും ഈ കേസില്‍ തുടരന്വേഷണത്തിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
2021 ജൂണ്‍ 15 ന് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവായി. അതനുസരിച്ച് കോഴിക്കോട് ക്രൈംബ്രാഞ്ചിലെ എസ്‌പി-2 അബ്ദുള്‍ വഹാബ് തുടരന്വേഷണം ഏറ്റെടുത്തു.2017 നവംബര്‍ നാലിന് പിടിച്ചെടുത്ത വ്യാജനോട്ടുകള്‍ പരിശോധിക്കണമെന്ന് കാട്ടി കോടതിക്ക് അപേക്ഷ നല്‍കിയത് 2019 ഡിസംബര്‍ 31 നാണ്. നാലു മുതല്‍ ഏഴു വരെ പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തിയില്ല. 2017 നവംബര്‍ 18 ന് ശേഷം കേസില്‍ അന്വേഷണം നടന്നിട്ടില്ല. പിടിച്ചെടുത്ത പ്രിന്റര്‍, മഷി, ലാപ്ടോപ്പ് തുടങ്ങിയ തൊണ്ടിമുതലുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുമില്ല.
അന്വഷണം നടത്തിയ എസ്‌ഐയുടെ ഭാഗത്ത് ക്രമക്കേടും വീഴ്ചയും ഉണ്ടായി. അതിനേക്കാളുപരി മേല്‍നോട്ട ചുമതലയുള്ള കൊടുവള്ളി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. ബിശ്വാസ്, താമരശേരി ഡിവൈ.എസ്‌പി പി.സി. സജീവന്‍ എന്നിവര്‍ക്കും ഈ വീഴ്ചയില്‍ ഉത്തരവാദിത്തമുണ്ട് എന്നും ക്രൈംബ്രാഞ്ച് എസ്‌പിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
സജീവന്‍ ഐ.പി.എസിനായി ക്യാറ്റിനെ സമീപിക്കുന്നു…
അച്ചടക്ക നടപടിക്ക് ശിപാര്‍ശ ചെയ്തു കൊണ്ടുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പൂഴ്‌ത്തുകയും എസ്‌ഐക്കെതിരേ മാത്രം നടപടി ആവശ്യപ്പെട്ട് എ.ഡി.ജി.പി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതിന് ശേഷമാണ് ഐ.പി.എസിന് പരിഗണിക്കുന്ന പട്ടികയില്‍ തന്റെ പേരും ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29 ന് സെന്‍ട്രല്‍ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കുന്നത്. 2019, 20 വര്‍ഷത്തെ ഐ.പി.എസ് സെലക്‌ട് ലിസ്റ്റില്‍ പരിഗണിക്കപ്പെടാന്‍ തനിക്ക് യോഗ്യതയുണ്ടെന്നും തന്നെ തഴഞ്ഞത് നീതി നിഷേധമാണെന്നും കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.