തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്. റെയ്ഡിൽ പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു. രണ്ടു സംഘങ്ങളായിട്ടാണ് പരിശോധന നടത്തിയത്. പരീക്ഷ ഡേറ്റകൾ പിഎസ്‌സി കമ്പ്യൂട്ടറിൽ നിന്നും പോലിസ് ശേഖരിച്ചു. അടുത്ത ആഴ്ച ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ഈ മാസം 11 നായിരുന്നു പരിശോധന. ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 മാർക്കിന്‍റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയതോടെയാണ് ഉദ്യോഗാർത്ഥികൾ പരാതിയുമായി രംഗത്തു വന്നത്. എന്തുകൊണ്ട് 10 ചോദ്യങ്ങൾ ഒഴിവാക്കി എന്ന എസ് ഐ ടിയുടെ അന്വേഷണം ചെന്നെത്തിയത് ഞെട്ടിക്കുന്ന കണ്ടെത്തലിലാണ്. ഒന്നാം റാങ്കുകാരൻ 10 ചോദ്യങ്ങളുടെ ഉത്തരം തെറ്റിക്കുകയോ എഴുതാതിരിക്കുകയോ ചെയ്തു. ഉത്തരങ്ങളിൽ 6 എണ്ണം തെറ്റിപ്പോയി. 4 എണ്ണം എഴുതിയില്ല.
അതിനാൽ 10 ചോദ്യങ്ങൾ ഒഴിവാക്കി എന്നാണ് കണ്ടെത്തൽ. ഒന്നാം റാങ്ക് കിട്ടിയത് ഇടത് സംഘടനാ നേതാവിനാണ്. അതേസമയം പിന്നോക്ക വികസന കോർപ്പറേഷനിലെ പ്രോജക്ട് അസിസ്‌റ്റന്‍റ് നിയമനത്തിൽ കേസ് നിൽക്കില്ലെന്ന് എസ്ഐടി വിലയിരുത്തി. വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനം. കെഎഎസ് ഉൾപ്പെടെയുള്ള പരീക്ഷകൾ സംബന്ധിച്ച പരാതികൾ എസ്ഐടി അന്വേഷിക്കും.





























