കാൺപുർ : കുഴിച്ചുമൂടപ്പെട്ട നിധി കണ്ടെത്താനായി അഞ്ച് വയസ്സുകാരിയെ ബലിനൽകി. ഉത്തർപ്രദേശിലെ ചമ്രൗദി ഗ്രാമത്തിലാണ് ദാരുണമായ സംഭവം. അഞ്ച് വയസ്സുള്ള പെൺകുട്ടിയെ അയൽക്കാരായ സ്ത്രീയും മകളും ചേർന്നാണ് കഴുത്തറുത്ത് കൊന്നത്. ഇവരെയും സ്ത്രീയുടെ ഭർത്താവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
അഞ്ച് വയസ്സുകാരിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം പുറത്തറിഞ്ഞത്. കുട്ടിയെ കാണാത്തതിനാൽ അമ്മയാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് അന്വേഷണം നടത്തുന്നതിനിടെ അയൽക്കാരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. ഇതിനിടെ അയൽക്കാരിയുടെ ഇളയമകൻ നൽകിയ മൊഴിയാണ് നിർണായകമായത്. കാണാതായ പെൺകുട്ടിയെ തന്റെ അമ്മയും സഹോദരിയും ചേർന്ന് കൊലപ്പെടുത്തിയെന്നും മൃതദേഹം ആറ്റിൽ തള്ളിയെന്നുമായിരുന്നു മൊഴി. തുടർന്ന് പോലീസ് സംഘം പരിശോധന നടത്തി മൃതദേഹം കണ്ടെടുത്തു. പിന്നീട് അയൽക്കാരായ സ്ത്രീയെയും മകളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പെൺകുട്ടിയെ ബലിനൽകിയതാണെന്ന വിവരം ലഭിച്ചത്.
കുഴിച്ചുമൂടപ്പെട്ട നിധിക്ക് വേണ്ടി മന്ത്രവാദി പറഞ്ഞതനുസരിച്ചാണ് കുട്ടിയെ ബലി നൽകിയതെന്നായിരുന്നു പ്രതികളുടെ മൊഴി. ഒരു കുട്ടിയെ ബലി നൽകിയാൽ തങ്ങൾക്ക് നിധി കണ്ടെത്താനാകുമെന്നാണ് മന്ത്രവാദി ഇവരെ വിശ്വസിപ്പിച്ചിരുന്നത്. തുടർന്ന് ഇരുവരും അയൽവീട്ടിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും എല്ലാവശങ്ങളും അന്വേഷിച്ചുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴുത്തിൽ മാരകമായ മുറിവേറ്റനിലയിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് പത്ത് ദിവസം മുമ്പാണ് മരിച്ചത്. ഏറെനാളായി അസുഖബാധിതനായിരുന്നു ഇദ്ദേഹം. ഈ മരണത്തിന്റെ ദുഃഖം വിട്ടൊഴിയും മുമ്പേയാണ് അഞ്ച് വയസ്സുകാരിയെയും കുടുംബത്തിന് നഷ്ടമായത്.