മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന ബാബാ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാബാ സിദ്ദിഖിയെ വധിക്കാൻ വലിയ ആസൂത്രണമാണ് നടന്നതെന്നാണ് പ്രതികളെ ചോദ്യം ചെയ്തതിലൂടെ പോലീസിന് മനസിലാക്കാൻ കഴിഞ്ഞത്. സിദ്ദിഖിയെ വധിക്കാനായി പ്രതികൾ വലിയ തോതിൽ വെടിയുണ്ടകൾ വാങ്ങിക്കൂട്ടി. യൂട്യൂബ് വീഡിയോകൾ വഴിയാണ് പ്രതികൾ തോക്ക് ഉപയോഗിക്കാൻ പഠിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാനുള്ള വഴികളും പ്രതികൾ ആസൂത്രണം ചെയ്തു. വധശ്രമത്തിനിടെ സിദ്ദിഖി രക്ഷപ്പെടാതിരിക്കാനുള്ള പഴുതടച്ച ആസൂത്രണമാണ് നടപ്പാക്കിയത്.
സംഭവത്തിൽ അറസ്റ്റിലായ ഗുർമെയ്ൽ ബൽജിത് സിങ് ഹരിയാന സ്വദേശിയും ധർമരാജ് രാജേഷ് കാശ്യപ് യു.പി സ്വദേശിയും ഷൂട്ടർമാരായ ഹരിഷ്‍കുമാർ ബലക്രം നിസാദ്, പ്രവീൺ ലൊൻകർ എന്നിവർ പുനെ സ്വദേശികളുമാണ്. പിടികിട്ടാനുള്ള ശിവ്കുമാർ ഗൗതമും പൂനെ സ്വദേശിയാണ്. സിദ്ദിഖിയെ കൊലപ്പെടുത്താൻ 12 ബുള്ളറ്റുളാണ് പ്രതികൾ ഉപയോഗിച്ചത്. ബാന്ധ്രയിലെ മകൻ സീഷാൻ സിദ്ദിഖിയുടെ ഓഫീസിനു പുറത്ത് വെച്ചാണ് സിദ്ദിഖിക്ക് വെടിയേറ്റത്. പ്രതികളിൽ നിന്ന് ആസ്ട്രേലിയൻ നിർമിത പിസ്റ്റളും ഇന്ത്യൻ നിർമിത തോക്കും പോലീസ് പിടിച്ചെടുത്തിരുന്നു. ഈ ആയുധങ്ങളോടൊപ്പം സിങ്, കാശ്യപ് എന്നിവരിൽ നിന്ന് 28 വെളിയുണ്ടകളും കണ്ടെടുത്തു.
കൂടാതെ കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് കുറച്ചകലെ നിന്നായി കറുത്ത ബാഗും പോലീസിന് ലഭിച്ചു. അതിൽ തുർക്കിയിൽ നിർമിച്ച 7.62 പിസ്റ്റളും 30 വെടിയുണ്ടകളുമാണ് ഉണ്ടായിരുന്നത്. ബാഗിനകത്ത് നിന്ന് കണ്ടെടുത്ത രണ്ട് ആധാർ കാർഡുകളിൽ ഒന്ന് ശിവകുമാർ ഗൗതമിന്റെ പേരിലുള്ളതായിരുന്നു. മറ്റൊന്ന് സുമിത് കുമാറിന്റെ പേരിലും. എന്നാൽ രണ്ടുകാർഡുകളിലും ശിവകുമാറിന്റെ ഫോട്ടോ ഉണ്ടായിരുന്നു. മോട്ടോർബൈക്ക് ഉപയോഗിച്ച് കൃത്യം നടത്താനായിരുന്നു പ്രതികൾ ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് വെളിപ്പെടുത്തി. ഷൂട്ടർമാർ മോട്ടോർസൈക്കിളിൽ സ്ഥലത്തെത്തി കൃത്യം നടപ്പാക്കി രക്ഷപ്പെടുകയായിരുന്നു പദ്ധതി. പ്രതികളിലൊരാൾ ഒരു അപകടത്തിൽ ഉൾപ്പെട്ടതിനാൽ ആ പദ്ധതി ഒഴിവാക്കി.
പകരം മൂന്ന് പ്രതികളും ഓട്ടോറിക്ഷയിൽ കൃത്യം നടത്താനുള്ള സ്ഥലത്തെത്താൻ തീരുമാനിച്ചു. കൊലപാതകത്തിന് ശേഷം പ്രതികൾ തിരിച്ചറിയാതിരിക്കാൻ പെട്ടെന്ന് വേഷംമാറി. മോട്ടോർബൈക്ക് വാങ്ങാനായി കൊലപാതകത്തിന്റെ സൂത്രധാരിൽ ഒരാളായ ഹരിഷ്‍കുമാർ ബാലക്രം നിസാദ് 60,000 രൂപ കൈമാറി. അതിൽ 32,000 രൂപ ചെലവിട്ടാണ് സെക്കന്റ് ഹാന്റ് ബൈക്ക് വാങ്ങിയത്. ആ ബൈക്കുപയോഗിച്ച് കൊലപാതകം നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടത്. സംഭവത്തിൽ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ മുഖ്യപ്രതി ശുഭം ലോങ്കറിനൊപ്പം ഒളിവിലുള്ള നിരവധി പ്രതികളുടെ പങ്കാളിത്തം അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകത്തിന് മൂന്ന് ദിവസം മുമ്പ് വരെ ലോങ്കർ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. കൊലയാളികൾക്ക് സാമ്പത്തിക സഹായം നൽകിയതിന് സഹോദരൻ പ്രവീൺ ലോങ്കറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ആഴ്ചകൾക്ക് മുമ്പ് പ്രതികൾ മുംബൈയിലെ കുർള പ്രദേശത്ത് വീട് വാടകക്കെടുത്തു. അവിടെ വെച്ചാണ് ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലിച്ചത്.