കണ്ണൂര്‍ : പരിയാരത്ത് കറന്‍സി തട്ടിപ്പ് നടത്തിയ സംഘത്തെ ആക്രമിച്ച് പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്തതായി പരാതി. മുന്‍പ് തട്ടിപ്പിനിരയായ ചിലരാണ് സംഘത്തെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിന്‍റെ നിഗമനം. നിരോധിച്ച നോട്ടുകള്‍ക്ക് പകരം പുതിയ കറന്‍സികള്‍ നല്‍കുമെന്ന പേരില്‍ തട്ടിപ്പ് നടത്തുന്ന സംഘത്തെയാണ് ആക്രമിച്ചത്.
കറന്‍സി തട്ടിപ്പിനിരയായവര്‍ ഇതര സംസ്ഥാനക്കാരായ തട്ടിപ്പ് സംഘത്തെ വിളിച്ചു വരുത്തി ആക്രമിച്ച് പണം കവരുകയായിരുന്നു. സംഘത്തെ തട്ടിക്കൊണ്ടുപോയി ഇരിങ്ങലിലെ ഒരു വീട്ടില്‍ പൂട്ടിയിടുകയും ചെയ്തു. കൈവശമുണ്ടായിരുന്ന 60,000 രൂപയും രണ്ട് സ്വര്‍ണ്ണമാലകളും ഒരു എടിഎം കാര്‍ഡും അക്രമി സംഘം കൈക്കലാക്കി. നിരോധിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിലുള്ളവരാണ് ആക്രമണത്തിന് ഇരയായതെന്ന് പോലീസ് പറഞ്ഞു. രാജസ്ഥാനിലെ അജ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലുള്ളവരാണ് ഇവരെന്നും സൂചനയുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണ്ണാടക സ്വദേശികളാണിവര്‍.
അഞ്ചംഗ സംഘത്തിലെ രണ്ട് പേര്‍ നേരത്തെ രക്ഷപ്പെട്ടിരുന്നു. പൂട്ടിയിട്ട വീട്ടില്‍ നിന്ന് ബാക്കി മൂന്ന് പേരെ പോലീസും നാട്ടുകാരും ചേര്‍ന്ന് മോചിപ്പിച്ചു. ഈ വീട്ടില്‍ നിന്ന് ഒന്നര കിലോയിലേറെ കഞ്ചാവും കണ്ടെത്തി. കറന്‍സി തട്ടിപ്പിനിരയായവര്‍ മറ്റൊരു പേരില്‍ ഇവരെ വീണ്ടും വിളിച്ചു വരുത്തിയാണ് ആക്രമണം നടത്തിയത്. അക്രമി സംഘത്തില്‍ 9 പേരുണ്ട്. കാഞ്ഞങ്ങാട് ആവിക്കര സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും രണ്ട് ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.