തിരുവനന്തപുരം: എ, ഐ ഗ്രൂപ്പുകളുടെ ഐക്യത്തിൽ വിള്ളൽ വീഴ്ത്തി യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ്. എ ഗ്രൂപ്പ് സ്ഥാനാർഥിക്കെതിരെ രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പും സ്ഥാനാർഥിയെ ഇറക്കിയതോടെ ഗ്രൂപ്പുകളുടെ ബലാബലത്തിന് അരങ്ങൊരുങ്ങി. നേതൃത്വം സമദൂരം പ്രഖ്യാപിച്ചെങ്കിലും പിന്തുണ ഉറപ്പിക്കാൻ കർട്ടന് പിന്നിൽ ഐ ഗ്രൂപ്പ് ചരടുവലി തുടങ്ങി. അതേസമയം, അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്നവരിൽ നിന്ന് ഉപാധ്യക്ഷനെ കണ്ടെത്തുന്ന തിരഞ്ഞെടുപ്പ് നടപടി വോട്ട് ചോർച്ചയ്ക്ക് കാരണമാകുമെന്ന് ഗ്രൂപ്പുകൾ ആശങ്കപ്പെടുന്നു. ബ്ലോക്ക് പുനഃസംഘടനയ്ക്കെതിരെ കൈകോർത്ത എ, ഐ ഗ്രൂപ്പുകൾ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കൊമ്പുകോർക്കും. കെ.പി.സി.സി നേതൃത്വത്തിനെതിരെ ഒന്നിച്ച് നീങ്ങുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പൊതു സ്ഥാനാർഥിയെ നിർത്തുന്ന കാര്യം എ, ഐ ഗ്രൂപ്പുകൾ ആലോചിച്ചിരുന്നു.
എന്നാൽ, അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ മാങ്കൂട്ടത്തലിനെ എ ഗ്രൂപ്പ് തീരുമാനിച്ചതോടെ ഐക്യം തകിടംമറിഞ്ഞെന്നാണ് ഐ ഗ്രൂപ്പുകാർ പറയുന്നത്. വി.ഡി.സതീശന് താൽപര്യമുള്ള രാഹുലിനെ സ്ഥാനാർഥിയാക്കിയത് എ ഗ്രൂപ്പിലും ഭിന്നത രൂക്ഷമാക്കി. കെ.സുധാകരന്റെ കെ.സി.വേണുഗോപാലിന്റെയും പിന്തുണ ഉറപ്പിച്ചുകൊണ്ടുള്ള പൊതു സ്ഥാനാർഥിയെ നിർത്താൻ ചെന്നിത്തലയുടെ ഐ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ചെന്നിത്തലയുടെ ആശീർവാദത്തോടെ മത്സരിക്കുന്ന അബിൻ വർക്കിയും സുധാകരന് താൽപര്യമുള്ള ഒ.ജെ.ജനീഷും ഐ ഗ്രൂപ്പ് സ്ഥാനാർഥികളാണെന്നാണ് അവകാശപ്പെടുന്നത്.
എന്നാൽ, ആരെയും പിന്തുണയ്ക്കില്ലെന്നും സമദൂര നിലപാടാണെന്നും കെസുധാകരനും വി.ഡി.സതീശനും പ്രഖ്യാപിച്ചത് ഐ ഗ്രൂപ്പിന് ആശ്വാസമായി. തിരഞ്ഞെടുപ്പിൽ ഇടപെടില്ലെന്ന സന്ദേശം നൽകാൻ കെ.സി.വേണുഗോപാൽ ബിനു ചുള്ളിയിലിനെ മത്സരരംഗത്ത് ഇറക്കിയതുമില്ല. അതേസമയം, തിരഞ്ഞെടുപ്പ് നടപടികളിൽ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചുകിട്ടുന്ന വോട്ടുകളിൽ നിന്നാണ് ഉപാധ്യക്ഷന്മാരെയും തിരഞ്ഞെടുക്കുന്നത്. രാഹുലിനൊപ്പം എ ഗ്രൂപ്പിലെ നാല് പേർ കൂടി അധ്യക്ഷ സ്ഥാനത്തേക്ക് പത്രിക നൽകിയിട്ടുണ്ട്. ഇവർ ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നവരാണെന്ന് ഗ്രൂപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും വോട്ട് ചോരുമോയെന്നാണ് ആശങ്ക.