തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് യോഗം ചേരുക. ആരോഗ്യവുകപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡിഎംഒ, ആരോഗ്യവുകപ്പ് ഡയറക്ടർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. രാജ്യത്ത് കോവിഡ് കേസുകളുയരുന്ന സാഹചര്യത്തിൽ കൂടിയാണ് ഇന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ നിർണായക യോഗവും ചേരുന്നത്
രോഗികളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിന് ശേഷമുള്ള കോവിഡ് രോഗികളുടെ എണ്ണമടക്കമുള്ള വിഷയം ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കും. രണ്ടാഴ്ചയിലൊരിക്കൽ പട്ടിക പ്രസിദ്ധീകരിക്കാമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ആ നിലയിൽ ഇന്ന് കോവിഡ് വിവരങ്ങൾ പ്രസിദ്ധീകരിച്ചേക്കും. രാജ്യത്ത് കോവിഡ് കേസുകൾ ഒരിടവേളക്ക് ശേഷം വീണ്ടും ഉയരുകയാണ്. കോവിഡ് കണക്കിൽ വർധന ഉണ്ടായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റന്നാൾ മുഖ്യമന്ത്രിമാരുമാരുടെ യോഗം വിളിച്ചിട്ടുണ്ട്. രോഗവ്യാപനമുയർന്നതോടെ പത്ത് കോടി കോവിഷീൽഡ് ഡോസുകൾ ഉടൻ ഉപയോഗിക്കണമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിനോട് ആവശ്യപ്പെട്ടു.