കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഓട ഇടിഞ്ഞ് താഴ്ന്നു രൂപപെട്ട റോഡിലെ കുഴി അപകട ഭീഷണിയാകുന്നു. സംസ്ഥാന പാത നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഓട ഈ ഭാഗത്ത് താഴ്ന്ന് പോയിരുന്നു. റോഡിന്റെ മധ്യ ഭാഗത്തായാണ് കുഴി രൂപപെട്ടിരിക്കുന്നത്. അതിരുങ്കൽ റോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് എത്തിച്ചേരുന്ന പ്രധാന റോഡാണ് ഇത്. അതിരുങ്കൽ ഭാഗത്ത് നിന്നും വരുന്ന ഭാരം കയറ്റിയ നിരവധി ടിപ്പർ ലോറികൾ ആണ് ഇതുവഴി സഞ്ചരിക്കുന്നത്. റോഡിൽ കുഴി രൂപപെട്ട് വാഹനങ്ങൾ അപകടത്തിൽപെടുവാൻ തുടങ്ങിയതോടെ പാറ വേസ്റ്റ് ഇട്ട് കുഴി അടക്കാൻ ശ്രമിച്ചെങ്കിലും ഇത് വീണ്ടും പൊളിഞ്ഞിളകി.
വീണ്ടും കുഴി പഴയത് പോലെ ആയതോടെ കൂടുതൽ ഭീഷണിയായി മാറിയിരിക്കുകയാണിപ്പോൾ. മ്ലാന്തടം മുതൽ ഉള്ള ഭാഗം മഴക്കാലത്ത് റോഡിൽ വെള്ളം കയറുന്നത് പതിവായതോടെ റോഡ് മണ്ണിട്ട് ഉയർത്തിയാണ് നിലവിൽ ടാർ ചെയ്തിരിക്കുന്നത്. ഓടയുടെ ഭാഗങ്ങൾ നിർമ്മിച്ച് കൊണ്ടുവന്ന ശേഷം ഇവിടെ സ്ഥാപിക്കുകയായിരുന്നു. അതിരുങ്കൽ, കുളത്തുമൺ, പോത്ത്പാറ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്കുള്ള ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് കുഴി രൂപപെട്ടിരിക്കുന്നത്. നിരവധി ഇരുചക്ര വാഹന യാത്രക്കാരും ഇതിനോടകം ഇവിടെ അപകടത്തിൽപെട്ടിട്ടുണ്ട്. കെ എസ് റ്റി പി അധികൃതർ കുഴി നികത്തി റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ വലിയ അപകടങ്ങൾ ആവും ഇവിടെ നടക്കുക.