റാന്നി: നിയന്ത്രണം നഷ്ടപ്പെട്ട കാർ കലുങ്കിൽ ഇടിച്ചുണ്ടായ അപകടത്തില്‍ ഒഴിവായത് വന്‍ ദുരന്തം. ഇന്ന് ഉച്ചയോടെ പുനലൂർ മൂവാറ്റുപ്പുഴ സംസ്ഥാന പാതയിലെ സ്ഥിരം അപകട മേഖലയായി റാന്നി വാളിപ്ലാക്കൽ പടിയിലുണ്ടായ അപകടത്തിലാണ് ദുരന്തം ഒഴിവായത്. എറണാകുളത്ത് നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോയ കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. കലുങ്കില്‍ ഇടിച്ചാണ് കാര്‍ നിന്നത്. കാര്‍ ഇടിച്ച കലുങ്കിന്‍റെ അടുത്ത വശത്തായി ഈ സമയം രണ്ടു യുവാക്കള്‍ ഇരിപ്പുണ്ടായിരുന്നു. ഇവരുടെ സമീപത്തേക്കാണ് കാര്‍ ഇടിച്ചു കയറിയത്. അപകടം കണ്ട് ഓടി മാറുകയായിരുന്ന ഇവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
സംസ്ഥാന പാതയുടെ നവീകരണത്തിന് ശേഷം പ്രദേശത്ത് അപകടങ്ങൾ വർദ്ധിച്ചതായി നാട്ടുകാർ പറയുന്നു. അശ്രദ്ധയും ഉറങ്ങി പോകുന്നതുമാണ് മിക്ക അപകടങ്ങൾക്കും കാരണം. ഇടിയുടെ ആഘാതത്തില്‍ കാര്‍ നിശേഷം തകര്‍ന്നു. എന്നാല്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാർ അപകടത്തിൽപെടുമ്പോള്‍ കലുങ്കിന്‍റെ വശത്ത് സംസാരിച്ചിരുന്ന രണ്ടുപേർ രക്ഷപെട്ടത് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ്. നിയത്രണം നഷ്ടപ്പെട്ട് പാഞ്ഞു വന്ന കാർ കലുങ്കിൽ ഇടിച്ചു നിന്നില്ലായിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി വർധിക്കുമായിരുന്നു.