ബംഗളുരു : ഒമ്പതാം ക്‌ളാസുകാരനായ മുഹമ്മദ് സല്‍മാന്‍ ഒറ്റദിവസത്തേക്ക് ബെംഗളൂരുവില്‍ പോലീസ് ഓഫീസറായി. ഡെപ്യൂട്ടി പോലീസ് കമ്മിഷണറുടെ കസേരയിലിരുന്ന് വാക്കിടോക്കിയില്‍ നിര്‍ദേശങ്ങള്‍ നല്‍കിയും പോലീസുകാരോടും ചുറ്റുംകൂടിയ മാധ്യമപ്രവര്‍ത്തകരോടും കുശലംപറഞ്ഞും സല്‍മാന്‍ ജീവിതത്തിലെ ഏറ്റവുംവലിയ ആഗ്രഹങ്ങളിലൊന്ന് സഫലമാക്കി. സൗദിയില്‍ സ്വകാര്യസ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനായ കോട്ടയം നാട്ടകം ഇല്ലംപള്ളിയില്‍ മുജീബ് റഹ്മാന്റെയും ജാരി മോളുടെയും മകനാണ് സല്‍മാന്‍.
തലാസീമിയ രോഗബാധിതനായ സല്‍മാന്‍ മജ്ജമാറ്റിവെക്കല്‍ ചികിത്സയ്ക്കാണ് കഴിഞ്ഞമാസം ബെംഗളൂരുവിലെ നാരായണ ഹെല്‍ത്ത് സിറ്റിയിലെത്തിയത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ‘മേയ്ക്ക് എ വിഷ് ഫൗണ്ടേഷന്‍’ എന്ന സംഘടനാപ്രവര്‍ത്തകരുമായി പരിചയപ്പെടുന്നത് ഇവിടെവെച്ചാണ്. ഇത്തരം രോഗമുള്ള കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്നതിനായി പ്രയത്‌നിക്കുന്ന സന്നദ്ധസംഘടനയാണ് ഇത്.
ഭാവിയില്‍ എന്തായിത്തീരണമെന്ന പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒറ്റ ഉത്തരമേ സല്‍മാനുണ്ടായിരുന്നുള്ളൂ -ഐ.പി.എസ്. ഓഫീസറാകണം. ആഗ്രഹം സാധിക്കുമെന്ന് പറഞ്ഞപ്പോള്‍ പതിവ് ആശംസമാത്രമായേ സല്‍മാന് തോന്നിയുള്ളൂ. എന്നാല്‍, കഴിഞ്ഞദിവസം മേയ്ക്ക് എ വിഷ് പ്രവര്‍ത്തകര്‍ വിളിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. വ്യാഴാഴ്ച കോറമംഗല പോലീസ് സ്റ്റേഷന്റെ ചുമതലയേല്‍ക്കാന്‍ ഒരുങ്ങാനായിരുന്നു നിര്‍ദേശം. രാവിലെ 11 മണിയോടെയാണ് സല്‍മാന്‍ യൂണിഫോമില്‍ പോലീസ് സ്റ്റേഷനില്‍ ചെന്നിറങ്ങിയത്. ഡി.സി.പി. സി.കെ. ബാബയുടെ നേതൃത്വത്തില്‍ പോലീസുകാര്‍ സ്വീകരിച്ചു. ശേഷം സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊടുത്തു.